കണ്ണൂര്‍ : ചിന്താ സ്വാതന്ത്ര്യത്തിനു വേണ്ടിയും ലിംഗ വിവേചനത്തിനെതിരെയും അന്ത്യം വരെ പോരാടുമെന്ന് പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍. അധികാരത്തിന്റെയും മതഭ്രാന്തിന്റെയും ദുഷ്ടശക്തികള്‍ കെട്ടിയുയര്‍ത്തിയ ഭയപ്പാടിന്റെ അന്തരീക്ഷത്തിലും യുവജനത ചോദ്യം ചോദിക്കാന്‍ ധൈര്യം കാട്ടണം. അതിനായി അവര്‍ സാഹിത്യത്തെയും മതനിരപേക്ഷതയെയും ചേര്‍ത്തുപിടിക്കണം -കണ്ണൂര്‍ ശിക്ഷക് സദനില്‍ കൈരളി ബുക്‌സിന്റെ കൈരളി ഇന്റര്‍നാഷനല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തസ്‌ലീമ നസ്‌റീന്‍.ജനിച്ച മണ്ണില്‍ നിന്ന് എന്നെ പടിയടച്ചു പുറത്താക്കിയിട്ട് 31 വര്‍ഷമായി. ടാഗോറിന്റെയും നസ്‌റുല്‍ ഇസലാമിന്റെയും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെയും മണ്ണായ ബംഗാളാണ് എനിക്ക് അഭയം തന്നത്. പക്ഷെ ഭയരഹിതമായി സംസാരിച്ച ഒരു പെണ്ണിനെ സഹിക്കാന്‍ അവര്‍ക്കും സാധിച്ചില്ല. അവരും എന്നെ കൈവിട്ടു, കൊല്‍ക്കത്ത വിടാന്‍ ഞാന്‍ നിര്‍ബന്ധിതയായി. പക്ഷെ ഈ ഇരുണ്ട കാലത്തും കേരളം സഹിഷ്ണുതയുടെ, ചിന്താ സ്വാതന്ത്ര്യത്തിന്റെ തുരുത്തായി തുടരുന്നതില്‍ സന്തോഷമുണ്ട്. സാഹിത്യത്തെയും ചിന്തയെയും ആദരിക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. ഇത്തരം ഇടങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്നതില്‍ നിങ്ങളോടെനിക്ക് കടപ്പാടുണ്ട്. പുണ്യത്തിന്റെ മേലങ്കിയിട്ട മതഭ്രാന്തിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ്, സ്ത്രീ വിവേചനത്തിനെതിരെ ശബ്ദിച്ചതിനാലാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. ദക്ഷിണേഷ്യയില്‍, എന്തിന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ത്രീവിരുദ്ധത പടര്‍ന്നുപിടിക്കുകയാണ്, മതഭ്രാന്ത് ഭയാനകമാംവിധം ശക്തി പ്രാപിക്കുകയാണ്, ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്, യുക്തിചിന്തകരുടെ വായടക്കുകയാണ്. ഏകാധിപതികളുടെ ഏറ്റവും വലിയ ശത്രു ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമല്ല, സ്വതന്ത്ര ചിന്തയാണ്. അതിനാലാണ് അവര്‍ സാഹിത്യത്തെയും കലയെയും എഴുത്തിനെയും ചോദ്യം ചോദിക്കുന്നവരെയും ഭയപ്പെടുന്നത്. ഒരു ചിന്താശകലത്തിന് ഒരായിരം മനസ്സുകളെ ഉദ്ദീപിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് അവര്‍ പേടിക്കുന്നു. മനുഷ്യത്വത്തിന് വേണ്ടി, മതനിരപേക്ഷതക്കു വേണ്ടി ആണ് ഞാന്‍ പോരാടിയത്. ഒരു മതവും ചോദ്യങ്ങള്‍ക്കതീതമല്ല. സ്ത്രീകള്‍ പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെടേണ്ടവരാണെന്ന് ഞാന്‍ കരുതുന്നില്ല. സ്വാതന്ത്ര്യം അവിശ്വാസികള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. നാടു കടത്തപ്പെടുക എന്നത് ഉള്ളിലുറഞ്ഞ വേദനയായിരുന്നു. തീരാമുറിവായിരുന്നു. ബാല്യകാല ഓര്‍മകള്‍, നടന്നു പരിചയിച്ച തെരുവുകള്‍, മുറിച്ചുമാറ്റപ്പെട്ട ബന്ധങ്ങള്‍, നഷ്ടങ്ങള്‍ ഏറെ വലുതായിരുന്നു. പക്ഷെ കീഴടങ്ങുക എന്നത്, മിണ്ടാതിരിക്കുക എന്നത് അതിനെക്കാള്‍ വേദനിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ഞാന്‍ എഴുതിക്കൊണ്ടേയിരിക്കുന്നത്. മരണം വരെ ഈ പ്രതിരോധം തുടരും.സാഹിത്യം എന്നത് ആഡംബരമല്ല. സാഹിത്യം ഓര്‍മകളെ സംരക്ഷിക്കലാണ്, പ്രതിരോധമാണ്. യഥാര്‍ഥ എഴുത്തുകാരന് അധികാരത്തെ സേവിക്കാന്‍ കഴിയില്ല. അവന്റെ, അവളുടെ പ്രതിബദ്ധത സത്യത്തോടായിരിക്കും. ഭാവി മതഭ്രാന്തന്മാരുടേതല്ലെന്നാണ് ചരിത്രം ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നത്. മതഭ്രാന്ത് ഒച്ച വെക്കുന്നുണ്ടാവാം, എന്നാല്‍ മനുഷ്യത്വമാണ് സ്ഥായിയായിട്ടുള്ളത്. വെറുപ്പ് ബഹളമയമായിരിക്കാം, എന്നാല്‍ സ്‌നേഹമാണ് നിലനില്‍ക്കുക. ഓരോ തലമുറയിലും പുതിയ ചിന്തകള്‍ നാമ്പെടുത്തു കൊണ്ടിരിക്കും. ഭയത്തെ അതിജീവിച്ച് അവര്‍ ചോദിക്കാന്‍ ധൈര്യം കാണിക്കും. ഒരിക്കലും ചിന്താശക്തി പണയം വെക്കരുത്, ഭയം നിങ്ങളുടെ മതമായി മാറരുത്, മനുഷ്യത്വം കൈവിടരുത് -തസ്‌ലീമ നസ്‌റീന്‍ ഓര്‍മിപ്പിച്ചു.
ഭയം മതമായി മാറരുത് -തസ്‌ലീമ നസ്‌റീന്‍
Published on

