കണ്ണൂർ: പുസ്തക പ്രസാധന രംഗത്തെ പ്രമുഖരായ കൈരളി ബുക്കിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാലാമത് കൈരളി അന്താരാഷ്ട്ര കൽച്ചറൽ ഫെസ്റ്റ് (കെഐസിഎഫ്) സമാപിച്ചു. കണ്ണൂർ ശിക്ഷക് സദനിലെ രണ്ട് വേദികളിലായി നടന്ന മൂന്ന് ദിവസത്തെ സാംസ്കാരിക സംഗമം ഉള്ളടക്കം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. അന്താരാഷ്ട്ര പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റിൻ ആണ് ഇത്തവണത്തെ സാംസ്കാരികോത്സവത്തിന് തിരിതെളിച്ചത്.സാഹിത്യം, സിനിമ, കല തുടങ്ങിയ മേഖലകളിലെ നൂറിലധികം പ്രമുഖർ വിവിധ സെഷനുകളിൽ അതിഥികളായെത്തി. കണ്ണൂരിൻ്റെ സാംസ്കാരിക ടൂറിസം മേഖലയിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും സിനിമ-സാഹിത്യ രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ചും ചർച്ചകൾ നടന്നു. പ്രശസ്തരായ എഴുത്തുകാർക്കൊപ്പം നവഗത പ്രതിഭകളും വിവിധ ചർച്ചാ വേദികളിൽ പങ്കാളികളായി.കഴിഞ്ഞ വർഷങ്ങളിൽ നടന്നത് പോലെ തന്നെ ഇത്തവണയും സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ച് വിപുലമായ അക്കാദമിക് സംവാദങ്ങൾ നടന്നു. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം തുടങ്ങി എഴുപതോളം മേഖലകളിൽ പ്രഗത്ഭർ സംസാരിച്ചു. വെറും പുസ്തകപ്രദർശനത്തിനപ്പുറം ഒരു സാംസ്കാരിക പരിവർത്തനമാണ് ഇത്തരം വേദികൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.കണ്ണൂരിൻ്റെ ചരിത്രത്തിലെ തന്നെ പ്രധാന സാംസ്കാരിക സംഗമമായി മാറിയ ഫെസ്റ്റിൽ വായനക്കാരുടെയും ആസ്വാദകരുടെയും വൻ പങ്കാളിത്തമാണ് ദൃശ്യമായത്. തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെയും കലാകാരന്മാരെയും നേരിട്ട് കാണാനും സംവാദിക്കാനും സാധിച്ചതിൻ്റെ ആവേശത്തിലാണ് കാണികൾ മടങ്ങിയത്. കണ്ണൂരിലെ മാധ്യമപ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സജീവ സാന്നിധ്യം ഈ ജനകീയോത്സവത്തെ കൂടുതൽ പ്രൗഢമാക്കി.ഈ നാലാം എഡിഷൻ, ഉള്ളടക്കത്തിൻ്റെ മികവുകൊണ്ടും വേറിട്ട കാഴ്ചപ്പാടുകൾകൊണ്ടും ഏറെ പ്രതീക്ഷകൾ ഉണർത്തിയാണ് തിരശ്ശീല വീണത്.

ഫെസ്റ്റി വെലിനായി അണിയറയിൽ പ്രവർത്തിച്ച കൈരളി ടീം

