കണ്ണൂർ:കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നോവൽ: ദേശവും കാലവും’ എന്ന വിഷയത്തിലുള്ള ചർച്ച സാഹിത്യപ്രേമികൾക്ക് പുതിയ അനുഭവമായി. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദൻ, എസ്. ഹരീഷ്, വിനോയ് തോമസ് എന്നിവർ പങ്കെടുത്ത സംവാദം കൈരളി ബുക്സ് എഡിറ്റർ എ.വി. പവിത്രൻ നിയന്ത്രിച്ചു.മാറുന്ന ഗ്രാമങ്ങളും വന്യജീവി സംഘർഷവുംമലയാള നോവലുകളിൽ ദേശം എങ്ങനെ അടയാളപ്പെടുത്തപ്പെടുന്നു എന്നതിനെക്കുറിച്ച് എസ്. ഹരീഷ് എം മുകുന്ദൻ വിനോയ് തോമസ് എന്നിവർ അവരവരുടെ നിരീക്ഷണങ്ങൾ പങ്കുവെച്ചു . പഴയകാലത്തെ കൃഷിഭൂമികൾ ഇന്ന് കാടുമൂടി കിടക്കുകയാണെന്നും, ഇത് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. കുടിയേറ്റവും റബ്ബർ കൃഷിയും മലയോര മേഖലയിലെ ജീവിതനിലവാരത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും വിനോയ് തോമസ് വിശദീകരിച്ചു. തന്റെ കൃതികളിൽ വർത്തമാനകാലത്തെ ചെറിയ വട്ടത്തിനുള്ളിൽ നിന്നുകൊണ്ട് കാലത്തെ എങ്ങനെ സർഗ്ഗാത്മകമായി ഉപയോഗിക്കുന്നു എന്ന് ഹരീഷ് പട്ടുനൂൽ പുഴു എന്ന നോവലിനെ മുൻനിർത്തി വ്യക്തമാക്കി.
പുതിയ കാലഘട്ടത്തിലെ എഴുത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായി. പുതിയ തലമുറയുടെ ലോകം സോഷ്യൽ മീഡിയയാണെന്നും, അവരുമായി സംവദിക്കണമെങ്കിൽ എഴുത്തിൽ പുതിയ ആഖ്യാനരീതികൾ ആവശ്യമാണെന്ന് എം മുകുന്ദൻഅഭിപ്രായപ്പെട്ടു.
സുകുമാർ അഴീക്കോടിനെപ്പോലുള്ള പണ്ഡിതരുടെ അഭാവം ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ പുതിയ കാലഘട്ടത്തിൽ കമ്മ്യൂണിസത്തെ കുറിച്ച് നോവൽ എഴുതാൻ തയ്യാറാണ് പക്ഷേ സോഷ്യൽ മീഡിയ മുഴുവൻ ബാൻചെയ്യണം എന്ന് സദസിൽ നിന്നുള്ള ഒരു ചോദ്യത്തിന് രസകരമായി എം മുകുന്ദൻ മറുപടി നൽകി
തമിഴ്നാടുമായുള്ള കേരളത്തിന്റെ ആത്മബന്ധത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ചർച്ചയിൽ ഹരീഷ് സംസാരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയെ മുൻനിർത്തി, കാലത്തിലൂടെയും ദേശത്തിലൂടെയുമുള്ള മനുഷ്യന്റെ സഞ്ചാരത്തെ സംവാദകർ വിശകലനം ചെയ്തു.
മലയാള സാഹിത്യത്തിന്റെ ആഗോള വളർച്ച
മലയാള നോവലുകൾക്ക് ഇന്ന് ലഭിക്കുന്ന രാജ്യാന്തര ശ്രദ്ധയെക്കുറിച്ച് എ.വി. പവിത്രൻ സംസാരിച്ചു. എസ്. ഹരീഷിന്റെ ‘മീശ’, ‘ആഗസ്റ്റ് 17’, ‘പട്ടുനൂൽ പുഴു’ തുടങ്ങിയ കൃതികൾ വിവർത്തനം ചെയ്യപ്പെടുന്നതും ബിനോയിയുടെയും വി.ജെ. ജയിംസിന്റെയും കൃതികൾക്ക് ലഭിക്കുന്ന വായനയും മലയാള സാഹിത്യം പുതിയൊരു ഉയരത്തിലെത്തിയതിന്റെ സൂചനയാണെന്ന് ചർച്ചയിൽ വിലയിരുത്തൽ ഉണ്ടായി.
എഴുത്തുകാരന്റെ സ്വാതന്ത്ര്യം, ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ, വിവർത്തനങ്ങൾ മലയാള ഭാഷയിൽ വരുത്തിയ മാറ്റങ്ങൾ എന്നിവയെക്കുറിച്ചും എം. മുകുന്ദനും വിനോയ് തോമസും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. വലിയൊരു വായനക്കാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചർച്ച, സാഹിത്യം കേവലം വിനോദമല്ലെന്നും അത് കാലത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രീയ സാക്ഷ്യമാണെന്നും അടിവരയിട്ടു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കുക:www.akamnews.in

