കണ്ണൂർ: കൈരളി കൾച്ചറൽ ഫെസ്റ്റിന്റെ (KICF) ആദ്യദിനത്തിൽ പ്രധാന വേദിയിൽ നടന്ന ‘ചിരിവരയുടെ റീചാർജുകൾ’ എന്ന സെഷൻ കാണികൾക്ക് നർമ്മത്തിന്റെ പുത്തൻ അനുഭവമായി. സോഷ്യൽ മീഡിയയിൽ തരംഗമായ ഫെലിക്സ് ദേവസ്യയുടെ പാട്ടോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. മോഡറേറ്ററായ കാർട്ടൂണിസ്റ്റ് സുധീർ നാഥിന്റെ അഭ്യർത്ഥനപ്രകാരം ഫെലിക്സ് ആലപിച്ച പാരഡി ഗാനം സദസ്സിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. കോവിഡ് കാലത്തെ ഏകാന്തതയാണ് തന്നെ ഒരു പാരഡി പാട്ടെഴുത്തുകാരനാക്കിയതെന്ന് അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി.തിരക്കഥാകൃത്തും മിമിക്രി താരവുമായ സുനീഷ് വാരണാട് ശ്രീനിവാസൻ ശൈലിയിലുള്ള തന്റെ നർമ്മഭാഷണങ്ങളിലൂടെ കാണികളെ കയ്യിലെടുത്തു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരെ മിമിക്രിയിലൂടെ വേദിയിൽ പുനരവതരിപ്പിച്ചത് കാണികൾക്ക് കൗതുകമായി. നല്ല തമാശകൾ പറയുന്നവർ ഇന്ന് സമൂഹത്തിൽ കുറഞ്ഞുവരികയാണെന്ന നിരീക്ഷണവും അദ്ദേഹം ചർച്ചയ്ക്കിടയിൽ പങ്കുവെച്ചു. നർമ്മവും ചിന്തയും ഒത്തുചേർന്ന ഈ സെഷൻ ഫെസ്റ്റിന്റെ ആദ്യദിനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി
കേൾവിക്കാരെ ചിരിയിലാറാടിച്ച് ‘ചിരിവരയുടെ റീചാർജുകൾ’
Published on

