തിരുവനന്തപുരം:സ്വന്തം പ്രിയപ്പെട്ടവരുടെ വേർപാടിൽ തകർന്നിരിക്കുന്ന കുടുംബങ്ങളെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒന്നാണ് മരണശേഷമുള്ള ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ. ഒരു ഫോറൻസിക് സർജൻ എന്ന നിലയിൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും വേദനാനിർഭരമായ ഒരു ചോദ്യം മുൻനിർത്തി പ്രമുഖ ഫോറൻസിക് സർജൻ ഡോ. ഉന്മേഷ് എ.കെ. തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരോഗ്യരംഗത്തും വലിയ ചർച്ചയായിരിക്കുകയാണ്.”ഡോക്ടറേ, എന്റെ കുഞ്ഞിന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ പറ്റുമോ..?”എന്ന മാതാപിതാക്കളുടെ കണ്ണീരോടെയുള്ള ചോദ്യത്തിന് മുന്നിൽ നിയമവ്യവസ്ഥയുടെ യാഥാർത്ഥ്യം പറയേണ്ടി വരുന്ന ഡോക്ടർമാരുടെ മാനസികാവസ്ഥ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജഡത്തിൽ സർജിക്കൽ ബ്ലേഡ് ആഴ്ന്നിറങ്ങുന്നത് ഓർക്കാൻ പോലും കഴിയാത്ത ബന്ധുക്കളുടെ വൈകാരിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി ‘വെർച്ച്വൽ ഓട്ടോപ്സി’ (Virtopsy) എന്ന ആധുനിക സാങ്കേതികവിദ്യ കേരളത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെക്കുന്നു. പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും അടിയന്തര ശ്രദ്ധ ഇതിലേക്ക് പതിയേണ്ടതുണ്ട്. റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരണപ്പെട്ട എട്ടു വയസ്സുകാരനായ ഒരു പിഞ്ചുകുഞ്ഞിന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വന്ന അനുഭവം ഡോക്ടർ കുറിപ്പിൽ അനുസ്മരിക്കുന്നു: “എന്റെ മുൻപിലെ പോസ്റ്റുമോർട്ടം ടേബിളിൽ എന്റെ മകന്റെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരങ്ങളിൽ മൂർച്ചയുള്ള സർജിക്കൽ ബ്ലേഡ് ആഴ്ന്നിറങ്ങുന്നത് ഓർക്കുമ്പോൾ തന്നെ കണ്ണിന്റെ കോണുകളിലെവിടെയോ ഇപ്പോഴും ഒരു നനവ് പടരുന്നത് എനിക്കറിയാൻ സാധിക്കും… ഒപ്പം മനസ്സിൽ ഒരു ഗദ്ഗദവും…”തുടർന്നാണ് ആധുനിക യുഗത്തിൽ എല്ലാ മൃതശരീരങ്ങളും ഇങ്ങനെ കീറിമുറിക്കേണ്ടതുണ്ടോ എന്ന നിർണായക ചോദ്യം അദ്ദേഹം ഉയർത്തുന്നത്. ഇതിനുള്ള കൃത്യമായ ശാസ്ത്രീയ പരിഹാരമാണ് ‘വെർച്ച്വൽ ഓട്ടോപ്സി’.എന്താണ് വെർച്ച്വൽ ഓട്ടോപ്സി?മൃതശരീരം കത്തി ഉപയോഗിച്ച് കീറിമുറിക്കാതെ തന്നെ മരണകാരണം കണ്ടെത്താൻ സഹായിക്കുന്ന ആധുനിക റേഡിയോളജിക്കൽ പരിശോധനാ രീതിയാണിത്. സി.ടി സ്കാൻ (CT Scan), എം.ആർ.ഐ സ്കാൻ (MRI Scan) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. നിലവിലുള്ള പഠനങ്ങൾ പ്രകാരം 50 ശതമാനത്തിലധികം കേസുകളിലും പരമ്പരാഗത രീതിയിലുള്ള കീറിമുറിക്കലുകൾ ഒഴിവാക്കി മരണകാരണം കൃത്യമായി കണ്ടെത്താൻ ഈ രീതിക്ക് കഴിയും. വിദേശരാജ്യങ്ങളിൽ വർഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്ന ഈ സംവിധാനം, നിലവിൽ ഉത്തറേന്ത്യയിൽ എയിംസ് (AIIMS) പോലുള്ള ചില കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
കേരളത്തിന് അഭിമാന നേട്ടമാകാൻ ഒരു പദ്ധതി
കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിനോടനുബന്ധിച്ച് ഒരു ‘വെർച്ച്വൽ ഓട്ടോപ്സി സെൻ്റർ’ ആരംഭിക്കുന്നതിനും, ഈ വിഭാഗത്തെ ‘റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്’ ഫോറൻസിക് മെഡിസിൻ’ ആയി ഉയർത്തുന്നതിനുമുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് മുൻ സർക്കാരിൻ്റെ അവസാനകാലത്ത് അനുമതിക്കായി സമർപ്പിച്ചിരുന്നു എന്ന് ഡോ. ഉന്മേഷ് വ്യക്തമാക്കുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളാലും സമയക്കുറവുകൊണ്ടും ഇത് താൽക്കാലികമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ, ദക്ഷിണേന്ത്യയിലെ പൊതുമേഖലയിലെ ആദ്യത്തെ വെർച്ച്വൽ ഓട്ടോപ്സി സെൻ്റർ എന്നത് ഖ്യാതി കേരളത്തിന് സ്വന്തമാകും.ബജറ്റും ഫണ്ടിംഗ് സാധ്യതകളും ഒരു വെർച്ച്വൽ ഓട്ടോപ്സി സെൻ്റർ സ്ഥാപിക്കുന്നതിനായി ഏകദേശം 15 മുതൽ 20 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പൊതുജനാരോഗ്യത്തിന് നിർദ്ദേശം നൽകുന്ന സർക്കാരിന് ഈ തുക സ്വന്തം ഫണ്ടിൽ നിന്നോ അല്ലെങ്കിൽ വലിയ കോർപ്പറേറ്റുകളുടെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് ഉപയോഗപ്പെടുത്തിയോ കണ്ടെത്താൻ സാധിക്കുന്നതേയുള്ളൂ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സർക്കാരിന്റെ ശ്രദ്ധയ്ക്ക് മാറ്റം അനിവാര്യം
കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാണ്. എന്നാൽ വിദേശരാജ്യങ്ങളിലെപ്പോലെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശരീരം വികൃതമാക്കാതെ മരണകാരണം കണ്ടെത്തുന്നത് ജനങ്ങൾക്ക് വലിയൊരു ആശ്വാസമാകും. പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെയും മറ്റും വിയോഗത്തിൽ ഉരുകുന്ന മാതാപിതാക്കളുടെ കൈകൾ പിടിച്ച്, “ശരീരം കീറിമുറിക്കാതെ ഞങ്ങൾ പരിശോധിക്കാൻ ശ്രമിക്കാം”എന്ന് ഉറപ്പുനൽകാൻ ഫോറൻസിക് സർജന്മാർക്ക് ഇത് കരുത്തേകും.ആരോഗ്യരംഗത്ത് എപ്പോഴും മാതൃകയായിട്ടുള്ള കേരളത്തിന്, ജനങ്ങളുടെ വൈകാരികമായ ഈ വലിയ ആശങ്കയ്ക്ക് വിരാമമിടാൻ സാധിക്കും. പുതിയ ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിലൂടെ കോട്ടയം മെഡിക്കൽ കോളേജിലെ ഈ പ്രൊജക്റ്റിന് ജീവൻ നൽകുമെന്നും, പദ്ധതി സംസ്ഥാനവ്യാപകമാക്കുമെന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നു.

ഫോട്ടോ ക്രെഡിറ്റ്: ഡോ. ഉൻമേഷിൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് കെ
ഡോക്ടർ.എഴുതിയ ഫെയിസ്ബുക്ക് കുറിപ്പ് വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

