ന്യൂഡൽഹി:ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കൽ നടപടികളുമായി കേന്ദ്ര സർക്കാർ. പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയോട് അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറാനും കേന്ദ്ര ധനമന്ത്രാലയം കർശന നിർദേശം നൽകി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ബാങ്ക് ഓഫ് ബറോഡ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്നതാണ് പുതിയ ഉത്തരവ്.
പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്:
വർച്വൽ മീറ്റിംഗുകൾ നിർബന്ധം: വളരെ അത്യാവശ്യമായ ഘട്ടങ്ങളിലൊഴികെ, എല്ലാ മീറ്റിംഗുകളും അവലോകനങ്ങളും കൺസൾട്ടേഷനുകളും വീഡിയോ കോൺഫറൻസിങ് വഴി മാത്രമേ നടത്താവൂ. ഭൗതികമായി നേരിട്ട് പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കണം.
യാത്രാ നിയന്ത്രണങ്ങൾ:ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ചെയർമാൻമാർ, മാനേജിങ് ഡയറക്ടർമാർ (MD), ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ (CEO) എന്നിവരുടെ വിദേശയാത്രകൾ നിശ്ചിത പരിധിയിൽ താഴെയായിരിക്കണം. വിദേശ മീറ്റിംഗുകളിലും പരമാവധി ഓൺലൈനായി പങ്കെടുക്കാൻ ശ്രമിക്കണം.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റം: പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വേഗത്തിലാക്കണം. ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ഹെഡ് ഓഫീസുകളിലും ബ്രാഞ്ചുകളിലും നിലവിൽ വാടകയ്ക്ക് ഓടുന്ന പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാൻ മന്ത്രാലയം നിർദേശിച്ചു.
ആ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ചെലവുകൾ പരമാവധി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനകാര്യ സേവന വകുപ്പ് (DFS) ഇപ്പോൾ ഔദ്യോഗിക ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില സംസ്ഥാനങ്ങൾ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം (WFH) പ്രഖ്യാപിച്ചിരുന്നു.

