മനുഷ്യരെ കേൾക്കുക എന്നതാണ് വിനീഷിന്റെ എഴുത്തിന്റെ സവിശേഷത: പി.വി. ഷാജികുമാർ

2026 സെപ്റ്റംബർ 6 • 05:34 PM
അകം ന്യൂസ് ഡെസ്ക്
മനുഷ്യരെ കേൾക്കുക എന്നതാണ് വിനീഷിന്റെ എഴുത്തിന്റെ സവിശേഷത: പി.വി. ഷാജികുമാർ

നരിക്കോട്: മനുഷ്യരെ കേൾക്കുക എന്ന വലിയ കാര്യമാണ് എഴുത്തുകാരൻ വിനീഷ് കെ. എൻ.ന്റെ എഴുത്തിന്റെ സവിശേഷതയെന്ന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാർ. മനുഷ്യരുടെ ജീവിതത്തെയും അനുഭവങ്ങളെയും അടുത്തറിഞ്ഞുകൊണ്ടുള്ള എഴുത്താണ് വിനീഷിന്റേതെന്നും അദ്ദേഹം പറഞ്ഞു. വിനീഷിന്റെ ‘ദൈവമെന്ന മനുഷ്യൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നരിക്കോട് പൊതുജന ഗ്രന്ഥാലയം സി.ആർ.സി. ബിൽഡിംഗിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈരുദ്ധ്യാത്മക ഭൗതികവാദം തന്നെ പഠിപ്പിച്ചത് തെയ്യമാണെന്നും ഷാജികുമാർ പറഞ്ഞു. തെയ്യത്തെ കേവലം ഒരു അനുഷ്ഠാനകല എന്ന നിലയിൽ മാത്രം കാണാതെ അതിനുള്ളിലെ മനുഷ്യജീവിതവും ചരിത്രവും സാമൂഹിക യാഥാർഥ്യങ്ങളും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷാജികുമാറിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് കൈരളി ബുക്സ് എഡിറ്റർ എ.വി. പവിത്രൻ. പുസ്തകം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസി ബുക്സ് നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച വിനീഷിന്റെ ‘നിഴൽപ്പോര്’ പ്രാഥമിക ജൂറി അംഗമെന്ന നിലയിൽ വായിച്ച അനുഭവവും പവിത്രൻ പങ്കുവച്ചു.

‘നിഴൽപ്പോര്’ വായിച്ചപ്പോൾ അത് ഷാജികുമാറിന്റെയോ വി.കെ. അനിൽകുമാറിന്റെയോ കൃതിയാകാമെന്നാണ് ആദ്യം കരുതിയതെന്ന് പവിത്രൻ പറഞ്ഞു. മത്സരഫലം പുറത്തുവന്നതിന് ശേഷമാണ് ആ കൃതിയുടെ രചയിതാവ് വിനീഷ് കെ. എൻ. ആണെന്ന് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

തെയ്യത്തിന് സമാന്തര ചരിത്രമുണ്ടാക്കാനുള്ള ശ്രമം

ഭൂമിയുടെ രഹസ്യമെന്ന നിലയിലാണ് തെയ്യത്തെ കാണേണ്ടതെന്നും കഥകളിയെക്കാൾ എത്രയോ ഉയരത്തിലാണ് തെയ്യത്തിന്റെ സ്ഥാനമെന്നും പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാൽ പറഞ്ഞു. ‘ദൈവമെന്ന മനുഷ്യൻ’ എന്ന പുസ്തകത്തെ മുൻനിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെയ്യത്തിന് സമാന്തരമായ ഒരു ചരിത്രം സൃഷ്ടിക്കാനാണ് വിനീഷ് തന്റെ പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. തെയ്യത്തിന്റെ പുറംകാഴ്ചകൾക്കപ്പുറം അതിന്റെ സാമൂഹികവും സാംസ്കാരികവുമായ അടരുകളിലേക്കുള്ള അന്വേഷണമാണ് പുസ്തകം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുജന ഗ്രന്ഥാലയം സെക്രട്ടറി സുധാകരൻ എം.എം. സ്വാഗതം പറഞ്ഞു. നാടക പ്രവർത്തകനും സംഘാടകനുമായ അനിൽ നരിക്കോട് അധ്യക്ഷത വഹിച്ചു. പി.വി. ഷാജികുമാർ പുസ്തകം പ്രകാശനം ചെയ്തു. എ.വി. പവിത്രൻ പുസ്തകം ഏറ്റുവാങ്ങി. ജയചന്ദ്രൻ നെയ്യുവമ്പം പുസ്തക പരിചയം നടത്തി.

ഗീത കെ.എൻ., അനീഷ് ഇ.പി., പ്രകാശൻ യു., രവീന്ദ്രൻ തീയിൽ, സുകുമാരൻ പി.പി. എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥകാരൻ വിനീഷ് കെ.എൻ. മറുമൊഴി പറഞ്ഞു. ഹരിദേവൻ എ.എൻ. നന്ദി രേഖപ്പെടുത്തി.