കൊല്ലം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ തനിക്കെതിരെ നടത്തിയ വിമർശനങ്ങളിൽ തെറ്റൊന്നും കാണുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗത്തെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സങ്കടവും അമർഷവും സ്വാഭാവികമാണെന്നും ഭരണകൂടത്തോടാണ് ആളുകൾ പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുൻ മന്ത്രി ഷിബു ബേബി ജോണും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
"കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ടാൽ അമർഷവും പ്രതിഷേധവും സ്വാഭാവികമാണ്. അവിടെ നിൽക്കുന്നവരോടല്ലേ അവർക്ക് പ്രതിഷേധിക്കാൻ കഴിയൂ? അവരെ ശത്രുക്കളായല്ല കാണുന്നത്. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്. മുഖ്യമന്ത്രിയെയല്ലേ വിമർശിക്കേണ്ടത്? അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല," വി.ഡി. സതീശൻ പറഞ്ഞു.
ജനങ്ങളും ദുരിതത്തിലായ കുടുംബങ്ങളും വിമർശനങ്ങൾ ഉന്നയിച്ചാലും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന ആശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിലെ സംവിധാനങ്ങൾ മാത്രം മതിയാകില്ലെന്നും കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (SOP) തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരച്ചിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകളും കടലിലെ അനുഭവങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
