വന്ദേഭാരത് സീറ്റിൽ ചത്ത അണലി; എറണാകുളം–ബെംഗളൂരു ട്രെയിനിൽ റെയിൽവേ അന്വേഷണം

2026 ഓഗസ്റ്റ് 15|അകം ന്യൂസ് ഡെസ്ക്
വന്ദേഭാരത് സീറ്റിൽ ചത്ത അണലി; എറണാകുളം–ബെംഗളൂരു ട്രെയിനിൽ റെയിൽവേ അന്വേഷണം

കൊച്ചി:എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിന്റെ സീറ്റിൽ ചത്ത അണലിയെ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സി6 കോച്ചിലെ 27-ാം നമ്പർ സീറ്റിൽ പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചത്.

തൃപ്പൂണിത്തുറ സ്വദേശിയും കുടുംബവും മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റിലായിരുന്നു ചത്ത അണലിയെ കണ്ടെത്തിയത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ നീക്കം ചെയ്യുകയും സീറ്റ് വൃത്തിയാക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുടുംബത്തിന് മറ്റൊരു സീറ്റ് അനുവദിക്കുകയും ചെയ്തു.

ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് നടത്തിയ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടിരുന്നില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. സീറ്റുകളിൽ കുടിവെള്ളം വയ്ക്കുന്നതിനായി ജീവനക്കാർ എത്തിയപ്പോഴും പാമ്പിനെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് പാമ്പ് എങ്ങനെയാണ് ട്രെയിനിനുള്ളിൽ എത്തിയത് എന്നതിൽ റെയിൽവേ അന്വേഷണം കേന്ദ്രീകരിക്കുന്നത്.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പാമ്പ് ട്രെയിനിൽ പ്രവേശിച്ച സാഹചര്യം, ശുചീകരണത്തിനിടെ അത് കണ്ടെത്താതിരുന്നതിന്റെ കാരണം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്.

സംഭവത്തെ തുടർന്ന് യാത്രക്കാരിൽ ആശങ്ക ഉയർന്നെങ്കിലും ട്രെയിൻ സർവീസ് തടസ്സപ്പെട്ടില്ല. ജീവനക്കാർ പാമ്പിനെ നീക്കം ചെയ്തശേഷം യാത്ര തുടർന്നു. വന്ദേഭാരത് പോലുള്ള അത്യാധുനിക ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷയും ശുചിത്വ സംവിധാനങ്ങളും സംബന്ധിച്ച ചോദ്യങ്ങളും സംഭവത്തോടെ ഉയർന്നിട്ടുണ്ട്.

അതേസമയം, വന്ദേഭാരത് സർവീസിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് സംഭവം. ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം അടുത്തിടെ എട്ടിൽ നിന്ന് 16 ആക്കി ഉയർത്തിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1,128 ആയി വർധിച്ചു.