ന്യൂഡൽഹി: കടകളിൽ യുപിഐ പണമിടപാട് നടത്താൻ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്ന പുതിയ സംവിധാനവുമായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). യുപിഐ ടാപ് ആൻഡ് പേ എന്ന സംവിധാനത്തിലൂടെ പിഒഎസ് മെഷീനിൽ സ്മാർട്ട്ഫോൺ ഒന്ന് മുട്ടിച്ചാൽ പണമടയ്ക്കാം. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.
നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) സൗകര്യമുള്ള സ്മാർട്ട്ഫോണുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക. പിഒഎസ് മെഷീനിൽ വ്യാപാരി തുക രേഖപ്പെടുത്തിയ ശേഷം ഉപയോക്താവ് ഫോൺ അൺലോക്ക് ചെയ്ത് മെഷീനിൽ മുട്ടിച്ചാൽ ഇടപാട് നടത്താനാകും. ഇടപാടിനായി യുപിഐ ആപ്പ് തുറന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന പ്രത്യേകത.
ഇന്റർനെറ്റ് ഇല്ലെങ്കിലും ഇടപാട്
യുപിഐ ടാപ് ആൻഡ് പേയുടെ മറ്റൊരു പ്രധാന പ്രത്യേകത ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും പേയ്‌മെന്റ് നടത്താനാകും എന്നതാണ്. ഇതിനായി ഉപയോക്താവിന്റെ ഫോണിലെ ഇന്റർനെറ്റിന് പകരം പിഒഎസ് മെഷീനിലെ കണക്ഷനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ തിരക്കേറിയ സ്ഥലങ്ങളിലോ മോശം മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്ന പ്രദേശങ്ങളിലോ ഡിജിറ്റൽ പേയ്‌മെന്റിന് കൂടുതൽ സൗകര്യമൊരുങ്ങും.
5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് പിൻ വേണ്ട
പുതിയ സംവിധാനത്തിൽ 5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ നൽകേണ്ടതില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പിഒഎസ് മെഷീനിൽ യുപിഐ പിൻ നൽകേണ്ടിവരും.
യുപിഐയുടെ ഇടപാട് സംവിധാനത്തെ കൂടുതൽ വേഗതയുള്ളതും ലളിതവുമാക്കുകയാണ് ടാപ് ആൻഡ് പേയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ അതിവേഗ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. 2026 ഓഗസ്റ്റിൽ മാത്രം യുപിഐ വഴി 24.51 ബില്യൺ ഇടപാടുകൾ, ഏകദേശം 29.82 ലക്ഷം കോടി രൂപയുടെ ഇടപാട് മൂല്യത്തിൽ നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിൽ നിന്ന് ഫോൺ മുട്ടിച്ചുള്ള പേയ്‌മെന്റിലേക്ക് കൂടി യുപിഐ മാറുന്നതോടെ, ഇന്ത്യയിലെ ദൈനംദിന ഡിജിറ്റൽ ഇടപാടുകളിൽ പുതിയൊരു ഘട്ടത്തിനാണ് തുടക്കമാകുന്നത്.