യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസം; ഇനി ഞായറാഴ്ചയും പാസ്‌പോർട്ട് വാങ്ങാം

2026 സെപ്റ്റംബർ 21 • 01:25 PM
അകം ന്യൂസ് ഡെസ്ക്
യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസം; ഇനി ഞായറാഴ്ചയും പാസ്‌പോർട്ട് വാങ്ങാം

ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സൗകര്യം. ഇനി ഞായറാഴ്ചകളിലും പാസ്‌പോർട്ട് നേരിട്ട് ശേഖരിക്കാം. അൽഹിന്ദ് ഗ്ലോബൽ സർവീസസിന്റെ കീഴിലുള്ള യുഎഇയിലെ മുഴുവൻ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി പ്രത്യേക കൗണ്ടർ ആരംഭിച്ചു.

ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമാണ് പാസ്‌പോർട്ട് ശേഖരണ സേവനം ലഭ്യമാകുക. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്തി പാസ്‌പോർട്ട് കൈപ്പറ്റാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. അടിയന്തര യാത്രകൾക്കും പുതിയ വിസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ നടപടികൾക്കും പാസ്‌പോർട്ട് ആവശ്യമായി വരുന്നവർക്ക് ഇനി വാരാന്ത്യത്തിൽ തന്നെ അത് കൈപ്പറ്റാൻ കഴിയും.

ഞായറാഴ്ചത്തെ സൗകര്യം പാസ്‌പോർട്ട് ശേഖരണത്തിന് മാത്രമുള്ളതാണ്. പുതിയ അപേക്ഷകൾ സമർപ്പിക്കാനോ മറ്റ് കോൺസുലർ സേവനങ്ങൾ നടത്താനോ ഞായറാഴ്ച ഈ കൗണ്ടറുകളിൽ സാധിക്കില്ല. സാധാരണ ICAC കേന്ദ്രങ്ങൾ തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കും.

ഇന്ത്യൻ എംബസി അബുദാബിയുടെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മാർഗനിർദേശപ്രകാരമാണ് പുതിയ സംവിധാനം ആരംഭിച്ചത്. സെപ്റ്റംബർ 20 ഞായറാഴ്ച മുതലാണ് സേവനം നിലവിൽ വന്നത്.

ജൂലൈ 22നാണ് അൽഹിന്ദ് ഗ്ലോബൽ സർവീസസ് യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന സേവന തടസ്സങ്ങളും ബാക്ക്‌ലോഗും ഇപ്പോൾ പൂർണമായി പരിഹരിച്ചതായി ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. നിലവിൽ 16 കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

ജൂലൈ 22 മുതൽ ഓഗസ്റ്റ് 22 വരെയുള്ള ആദ്യ ഒരു മാസത്തിൽ 16 കേന്ദ്രങ്ങളിലായി 53,000ത്തിലധികം കോൺസുലർ സേവനങ്ങൾ നൽകിയതായാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. ഇതിൽ ഏകദേശം 44,000 എണ്ണം പാസ്‌പോർട്ട് സേവനങ്ങളായിരുന്നു.

ജോലി നഷ്ടപ്പെടാതെ പാസ്‌പോർട്ട് കൈപ്പറ്റാൻ കഴിയുന്ന പുതിയ ഞായറാഴ്ച സേവനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ.