ട്രെയിനിൽ ലഹരി ഉപയോഗിച്ചാൽ പുറത്താക്കാം; നടപടി നിയമപരമെന്ന് ഹൈക്കോടതി

2026 സെപ്റ്റംബർ 1 • 11:20 PM
അകം ന്യൂസ് ഡെസ്ക്
ട്രെയിനിൽ ലഹരി ഉപയോഗിച്ചാൽ പുറത്താക്കാം; നടപടി നിയമപരമെന്ന് ഹൈക്കോടതി

കൊച്ചി: ട്രെയിനിലോ റെയിൽവേ അധീനതയിൽ ഉള്ള പറമ്പിലോ ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തുന്ന യാത്രക്കാരെ പുറത്താക്കാനും നിയമനടപടി സ്വീകരിക്കാനും റെയിൽവേ ജീവനക്കാർക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. 1989ലെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇതുസംബന്ധിച്ച ഹർജി തള്ളിയത്. റെയിൽവേയുടെ പറമ്പിലും ട്രെയിനുകളിലും ലഹരി ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അനുവദിക്കുന്ന നിയമവ്യവസ്ഥ വ്യക്തികളുടെ മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ.എൻ. ശാസ്ത്രിയാണ് ഹർജി നൽകിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ചെറിയ അളവിൽ മദ്യം കഴിച്ചശേഷം ട്രെയിനിൽ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകാറുണ്ടെന്നും, ‘ലഹരി ഉപയോഗിച്ച അവസ്ഥ’ എന്നതിന് നിയമത്തിൽ കൃത്യമായ നിർവചനമില്ലെന്നും അദ്ദേഹം വാദിച്ചു. ഇത്തരത്തിലുള്ള വ്യവസ്ഥ ആർപിഎഫിന് യാത്രക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാനും യാത്രാസ്വാതന്ത്ര്യം തടയാനും ഇടയാക്കുമെന്നായിരുന്നു പ്രധാന ആക്ഷേപം.

എന്നാൽ ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മറ്റ് യാത്രക്കാരുടെ സുരക്ഷയും സമാധാനപരമായ യാത്രാ അന്തരീക്ഷവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന വ്യക്തിയെ പ്രാഥമികമായി മാറ്റിനിർത്താനുള്ള അധികാരം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.

ലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന വ്യക്തിയെ ഉടൻ ശിക്ഷിക്കുന്നതല്ല നടപടിക്രമമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ബ്രെത്ത് അനലൈസർ പരിശോധനയും മെഡിക്കൽ പരിശോധനയും ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷമാണ് തുടർ നിയമനടപടികളിലേക്ക് കടക്കുക.

ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ശരീരഭാഷ, സംസാരം, പെരുമാറ്റം തുടങ്ങിയ ലക്ഷണങ്ങൾ പരിഗണിക്കണമെന്നും റെയിൽവേ ബോർഡിന്റെ സുരക്ഷാ സർക്കുലറിൽ നടപടിക്രമങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു നിയമവ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന കാരണത്താൽ മാത്രം ആ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിപരമായി അനാവശ്യമായ ഉപദ്രവം നേരിടുന്ന സാഹചര്യത്തിൽ നിയമപരമായ പരിഹാരം തേടാനുള്ള അവസരവും ഉണ്ടെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.

എന്താണ് 145(എ) വകുപ്പ്?

റെയിൽവേ ആക്ടിലെ 145-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ട്രെയിനിലോ റെയിൽവേ പരിസരത്തോ ലഹരി ഉപയോഗിച്ച നിലയിൽ കാണപ്പെടുന്നവർക്കെതിരെ റെയിൽവേയ്ക്ക് നടപടി സ്വീകരിക്കാം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, റെയിൽവേ പരിസരത്തെ ക്രമസമാധാനം എന്നിവ സംരക്ഷിക്കുന്നതിനുള്ള അധികാരത്തിന്റെ ഭാഗമായാണ് ഹൈക്കോടതി ഈ വ്യവസ്ഥയെ വിലയിരുത്തിയത്.