ന്യൂഡൽഹി: സ്പാം ഫോൺ കോളുകളും അനാവശ്യ വാണിജ്യ സന്ദേശങ്ങളും തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ടെലികോം സംവിധാനങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഉപഭോക്താക്കളെ അനാവശ്യ ആശയവിനിമയങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് പുതിയ നടപടികൾ. ഉപഭോക്താവ് രേഖാമൂലമോ ഡിജിറ്റൽ മാർഗത്തിലൂടെയോ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാപനങ്ങൾക്ക് വാണിജ്യ ആശയവിനിമയം നടത്താൻ കഴിയൂ. ഇത്തരത്തിലുള്ള അന്വേഷണത്തെ തുടർന്നുള്ള വാണിജ്യ സന്ദേശങ്ങൾക്കുള്ള അനുമതി ഏഴ് ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിങ് (ML) സംവിധാനങ്ങളും കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളും പുതിയ ചട്ടക്കൂടിന്റെ ഭാഗമാണ്. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന ടെലിമാർക്കറ്റർമാർക്കും അയയ്ക്കുന്ന സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള സംവിധാനവും ശക്തമാക്കും. ഉപഭോക്താക്കളുടെ സമ്മതമില്ലാതെയോ രജിസ്റ്റർ ചെയ്ത മുൻഗണനകൾക്ക് വിരുദ്ധമായോ അയയ്ക്കുന്ന സന്ദേശങ്ങളും കോളുകളും ‘അൺസൊളിസിറ്റഡ് കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ’ (UCC) അഥവാ സ്പാം ആയി കണക്കാക്കപ്പെടുന്നു. ഇത്തരം ആശയവിനിമയങ്ങൾക്കെതിരെ ഉപഭോക്താക്കൾക്ക് പരാതി നൽകാനുള്ള സംവിധാനവും ട്രായ് നിലവിൽ ഒരുക്കിയിട്ടുണ്ട്. സ്പാം ആശയവിനിമയങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം നിയമാനുസൃതമായ ബിസിനസ് ആശയവിനിമയങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനും പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതായി ട്രായ് വ്യക്തമാക്കുന്നു.
സമകാലികം
സ്പാം കോളുകൾക്കും സന്ദേശങ്ങൾക്കും നിയന്ത്രണം കടുപ്പിച്ച് ട്രായ്; ഉപഭോക്താവിന്റെ അന്വേഷണത്തിന് പിന്നാലെ മാത്രം വാണിജ്യ സന്ദേശം
