വിദ്യാർത്ഥികൾക്കെതിരെ വെടിവെപ്പ് പരാമർശം കേസ് എടുത്ത് 11 ദിവസത്തിന് ശേഷം സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
വിദ്യാർത്ഥികൾക്കെതിരെ വെടിവെപ്പ് പരാമർശം കേസ് എടുത്ത് 11 ദിവസത്തിന് ശേഷം സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമെന്ന് വിവാദ പരാമർശം നടത്തിയ സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ. മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയാണ് തിരുവനന്തപുരം സൈബർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം ടി​ ജി മോഹൻദാസിനെ രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

നാടകീയ നീക്കങ്ങൾക്കൊടുവിൽ അറസ്റ്റ്

വൈകീട്ട് നാലുമണിയോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം മോഹൻദാസിന്റെ വീട്ടിലെത്തിയത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും വിവാദ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത ശേഷമായിരുന്നു കസ്റ്റഡിയിലെടുത്തത്.

കേസ് രജിസ്റ്റർ ചെയ്ത് പത്തുദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാവാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യത്തിന്, പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി.

അപലപനീയ പരാമർശങ്ങൾ

ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ താനായിരുന്നുവെങ്കിൽ വെടിവെച്ചുകൊല്ലുമായിരുന്നു എന്നായിരുന്നു മോഹൻദാസിന്റെ ആദ്യ വിവാദ പരാമർശം.

"എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും, പിന്നെ വെടിവെക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും, ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും" – എന്നായിരുന്നു വീഡിയോയിലെ പ്രസ്താവന.

ഇതിനു പിന്നാലെ, അവിടെ സമരം ചെയ്യുന്നവർ "ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ്" എന്നും, "അവിടെ കൂട്ടബലാത്സംഗം നടക്കുമെന്നും" ഉള്ള ഗുരുതരമായ മറ്റ് അധിക്ഷേപ പരാമർശങ്ങളും ഇയാൾ നടത്തിയിരുന്നു. ഇതിനെതിരെ ഉയർന്ന വ്യാപക പരാതികളെ തുടർന്നാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് എടുത്തത്.

തള്ളിപ്പറഞ്ഞ് ആർ.എസ്.എസ്

പരാമർശങ്ങൾ വിവാദമായതോടെ ടി.ജി. മോഹൻദാസിനെ തള്ളിപ്പറഞ്ഞ് ആർ.എസ്.എസ് രംഗത്തെത്തിയിരുന്നു. മോഹൻദാസ് ആർ.എസ്.എസിന്റെ ഒരു ചുമതലയും വഹിക്കുന്നില്ലെന്ന് ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.