ഗാർഹിക പീഡനത്തിനെതിരെ ‘സ്പീക്ക് അപ്പ്'

2026 ഒക്‌ടോബർ 8 • 02:32 PM
അകം ന്യൂസ് ഡെസ്ക്
ഗാർഹിക പീഡനത്തിനെതിരെ ‘സ്പീക്ക് അപ്പ്'

പ്രത്യേക ദൗത്യസംഘത്തിന് അജിത ബീഗം ഐപിഎസ് നേതൃത്വം

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾക്കെതിരെ ശക്തമായ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനും ഇരകൾക്ക് വേഗത്തിൽ നിയമസഹായവും സംരക്ഷണവും ഉറപ്പാക്കുന്നതിനുമായി ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിനും രൂപം നൽകും. ഐജി അജിത ബീഗം ഐപിഎസിനാണ് ദൗത്യസംഘത്തിന്റെ നേതൃത്വം.

ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾ പരാതി പറയാൻ മടിക്കുന്ന സാഹചര്യം മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബത്തിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ മറച്ചുവയ്ക്കാതെ തുറന്നുപറയാനും നിയമത്തിന്റെ സഹായം തേടാനും സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിലായിരിക്കും ‘സ്പീക്ക് അപ്പ്’ പ്രവർത്തിക്കുക.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഗാർഹിക പീഡനത്തെ തുടർന്ന് 92 സ്ത്രീകൾ മരിച്ചതായാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം മാത്രം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 15,000ത്തിലധികം പരാതികൾ ലഭിച്ചതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പരാതി നൽകാൻ പോലും കഴിയാതെ വീടുകൾക്കുള്ളിൽ പീഡനം സഹിക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീധനം ഉൾപ്പെടെയുള്ള സാമൂഹിക ദുരാചാരങ്ങൾ പലപ്പോഴും ഗാർഹിക പീഡനത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും സർക്കാർ വിലയിരുത്തുന്നു.

സ്റ്റേഷനുകളിൽ നിന്ന് ദിവസേന വിവരശേഖരണം

‘സ്പീക്ക് അപ്പ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിവസേന ശേഖരിക്കും. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ കേസുകളിൽ വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകും. പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ സഹാനുഭൂതിയോടെയും കാര്യക്ഷമമായും കേൾക്കാനും ഇടപെടാനും പൊലീസ് സംവിധാനത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം.

‘പറയാൻ മടിക്കുകയോ പറയാതിരിക്കുകയോ അല്ല ചെയ്യേണ്ടത്, സ്പീക്ക് അപ്പ്’ എന്ന സന്ദേശമാണ് പദ്ധതിയിലൂടെ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഏതുതരത്തിലുള്ള പീഡനവും നിശ്ശബ്ദമായി സഹിക്കേണ്ടതില്ലെന്നും പരാതിയുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഗാർഹിക പീഡനത്തെ കുടുംബത്തിനുള്ളിലെ സ്വകാര്യ പ്രശ്നമായി കാണാതെ നിയമപരമായും സാമൂഹികമായും ഗൗരവത്തോടെ കൈകാര്യം ചെയ്യുക എന്നതാണ് ‘സ്പീക്ക് അപ്പ്’ ദൗത്യത്തിന്റെ ലക്ഷ്യം.