സിനിമയിൽ പുതിയ അധ്യായത്തിന് അജിത്ത്; ആദ്യ നിർമാണ സംരംഭമായി ‘ഡെയർ ഡെവിൾ’

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
സിനിമയിൽ പുതിയ അധ്യായത്തിന് അജിത്ത്; ആദ്യ നിർമാണ സംരംഭമായി ‘ഡെയർ ഡെവിൾ’

ശാലിനി അജിത് കുമാർ നിർമിക്കും; ആദിക് രവിചന്ദ്രൻ സംവിധാനം, അനിരുദ്ധ് സംഗീതം

ചെന്നൈ: 34 വർഷത്തെ സിനിമാജീവിതത്തിൽ പുതിയൊരു ചുവടുവയ്പ്പിനൊരുങ്ങി തമിഴ് സൂപ്പർതാരം അജിത് കുമാർ. അഭിനയത്തിന് പുറമെ ആദ്യമായി നിർമാണ രംഗത്തേക്കും പ്രവേശിക്കുകയാണ് താരം. അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഡെയർ ഡെവിൾ’ എന്നാണ് ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്.

ബ്രേവ് ഹാർട്ട്സ്ൻ്റെ ബാനറിൽ അജിത്തിന്റെ ഭാര്യ ശാലിനി അജിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കും. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

തൂത്തുക്കുടിയുടെ പശ്ചാത്തലത്തിൽ റൂറൽ ഡ്രാമ

തൂത്തുക്കുടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മുഴുനീള റൂറൽ ഡ്രാമയായിരിക്കും ‘ഡെയർ ഡെവിൾ’ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നുമാണ് സൂചന.

അജിത്തിന്റെ കരിയറിലെ പുതിയൊരു ഘട്ടത്തിനാണ് ചിത്രം തുടക്കമിടുന്നത്. അഭിനയത്തോടൊപ്പം നിർമാണ മേഖലയിലും താരം സജീവമാകുന്നതാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

പ്രതിഫലത്തെച്ചൊല്ലിയും ചർച്ചകൾ

അതേസമയം, ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ചർച്ചകളും കോളിവുഡിൽ സജീവമാണ്. അജിത്തിന്റെ ഉയർന്ന പ്രതിഫലം കാരണം അദ്ദേഹത്തെ നായകനാക്കി സിനിമകൾ ചെയ്യാൻ പല നിർമാതാക്കളും മടിക്കുന്നുണ്ടെന്ന അഭിപ്രായവുമായി പ്രമുഖ ഫിനാൻഷ്യറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യം നേരത്തെ രംഗത്തെത്തിയിരുന്നു.

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’

  യുടെ ബോക്സോഫീസ് പ്രകടനം ചൂണ്ടിക്കാട്ടിയും അദ്ദേഹം ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ചിത്രം നേടിയ കളക്ഷൻ കണക്കിലെടുത്താൽ നിർമാതാക്കൾക്ക് വലിയ ലാഭം ലഭിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.

അജിത്തിന്റെ ഒരു ചിത്രത്തിനുള്ള പ്രതിഫലം 110 മുതൽ 120 കോടി രൂപ വരെയാണെന്നും തിരുപ്പൂർ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരുന്നു.

പ്രതിഫലത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് അജിത്ത് നിർമാണ രംഗത്തേക്ക് കൂടി ചുവടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ‘ഡെയർ ഡെവിൽ’ പ്രഖ്യാപനം ആരാധകർക്കിടയിലും സിനിമാ മേഖലയിലും ഇതിനകം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.