സംഗീത പ്രഭ പുരസ്കാരം ഷിബു ചക്രവർത്തിക്ക്

2026 ഒക്‌ടോബർ 15 • 10:44 AM
അകം ന്യൂസ് ഡെസ്ക്
സംഗീത പ്രഭ പുരസ്കാരം ഷിബു ചക്രവർത്തിക്ക്

പഴയങ്ങാടി: നരിക്കോട് മ്യൂസിക് ലവേഴ്സ് സംഗീതിക ഗാനസദസ്സിന്റെ രണ്ടാമത് സംഗീത പ്രഭ പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി അർഹനായി.

നരിക്കോട് മ്യൂസിക് ലവേഴ്സ് സംഗീതിക ഗാനസദസ്സിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 21-ന് നരിക്കോട് പയ്യറട്ട മോഹനൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കല്യാശ്ശേരി എം.എൽ.എ. എം. വിജിൻ പുരസ്കാരം സമ്മാനിക്കും.

വാർഷികാഘോഷത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണി മുതൽ കണ്ണൂർ – കാസർഗോഡ് ജില്ലാതല കരോക്കെ ചലച്ചിത്ര ഗാനമത്സരം സംഘടിപ്പിക്കും. വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം 5000, 3000, 2000 രൂപ വീതം പ്രൈസ് മണി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 10-നകം 80757 19455 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

തുടർന്ന് വൈകീട്ട് 6 മണിക്ക് ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ കോർത്തിണക്കി നാടക സംവിധായകൻ അനിൽ നരിക്കോട് ഒരുക്കുന്ന 'പാട്ടിന്റെ ചക്രവർത്തിക്കൊപ്പം' എന്ന സംഗീത പരിപാടിയും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ സംഗീതിക പ്രസിഡന്റ് സുലേഖ ബാലകൃഷ്ണൻ, സെക്രട്ടറി കെ. ജയപ്രകാശ്, അനിൽ നരിക്കോട്, രമേശൻ തെക്കെടവൻ, കെ.പി. രമേശൻ എന്നിവർ പങ്കെടുത്തു.