കൊച്ചി: ശബരിമലയുടെ പുതിയ തന്ത്രിയായി ചുമതലയേൽക്കാനിരിക്കുന്ന കണ്ഠരര് ബ്രഹ്മദത്തന് നിർദേശങ്ങളുമായി ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രതയും ആചാരാനുഷ്ഠാനങ്ങളും ഭക്തരുടെ വിശ്വാസവും പരമപ്രധാനമായി കണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.

തന്ത്രിസ്ഥാനത്തെ ചുമതലകൾ ഭക്തിയോടെയും അതീവ ജാഗ്രതയോടെയും നിർവഹിക്കണം. പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തിയായിരിക്കണം തീരുമാനങ്ങൾ. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നൽകണമെന്നും കോടതി വ്യക്തമാക്കി. ശബരിമലയുടെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ദേവസ്വം ബെഞ്ചിന്റെ ഉത്തരവിലൂടെയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുന്നതോടെ ബ്രഹ്മദത്തൻ പുതിയ തന്ത്രിയായി ചുമതലയേൽക്കും. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തൻ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചിങ്ങമാസ പൂജകൾക്കായി നട തുറക്കുന്ന സമയത്ത് തന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്ന് കണ്ഠരര് രാജീവരർ നേരത്തെ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. പകരം മകന് തന്ത്രിയുടെ ചുമതല നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബ്രഹ്മദത്തനെ പുതിയ തന്ത്രിയായി തീരുമാനിച്ചത്.
