റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂടി; ഊണിന് ഇനി 110 രൂപ

2026 സെപ്റ്റംബർ 12 • 10:13 AM
അകം ന്യൂസ് ഡെസ്ക്
റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂടി; ഊണിന് ഇനി 110 രൂപ

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ലഭിക്കുന്ന ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു. പുതിയ നിരക്കുകൾ സെപ്റ്റംബർ 11 മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ ഭക്ഷണസാധനങ്ങൾക്ക് അഞ്ച് രൂപ മുതൽ 15 രൂപ വരെയാണ് വർധന.

രണ്ട് ഇഡ്ഡലിയും ചട്ണി അല്ലെങ്കിൽ സാമ്പാറും ഉൾപ്പെടുന്ന വിഭവത്തിന് ഇനി 25 രൂപ നൽകണം. രണ്ട് ഉഴുന്നുവട, രണ്ട് പരിപ്പുവട, രണ്ട് ഉരുളക്കിഴങ്ങ് ബോണ്ട, രണ്ട് സമോസ എന്നിവയ്ക്കും മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്കും 30 രൂപയാണ് പുതുക്കിയ നിരക്ക്.

വെജ് കട്‌ലറ്റിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. രണ്ട് വെജ് കട്‌ലറ്റിന് നേരത്തെയുണ്ടായിരുന്ന 40 രൂപയിൽ നിന്ന് 50 രൂപയായി നിരക്ക് ഉയർന്നു. ടൊമാറ്റോ സൂപ്പിന് ഇനി 30 രൂപയാണ് വില.

യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന് മീൻകറി ഊണിന്റെ വിലയിലാണ്. 95 രൂപയായിരുന്ന മീൻകറി ഊണിന് ഇനി 110 രൂപ നൽകണം. അതേസമയം ചപ്പാത്തിക്ക് അഞ്ച് രൂപയും പൊറോട്ടയ്ക്ക് 10 രൂപയും പഴംപൊരിക്ക് 20 രൂപയും എന്ന നിരക്കിൽ മാറ്റമില്ല.

മറ്റ് പുതുക്കിയ നിരക്കുകളിൽ ചിക്കൻ കറിക്ക് 95 രൂപ, ചിക്കൻ ഫ്രൈഡ് റൈസിന് 105 രൂപ, എഗ് റൈസിന് 80 രൂപ, വെജ് ഫ്രൈഡ് റൈസിന് 65 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ദക്ഷിണ റെയിൽവേയുടെ പരിധിയിലെ സ്റ്റേഷനുകളിലെ സ്ഥിരം കാറ്ററിങ് യൂണിറ്റുകൾക്കായാണ് പുതുക്കിയ മെനുവും നിരക്കും നടപ്പാക്കുന്നത്. വിവിധ പാൻ-ഇന്ത്യൻ വിഭവങ്ങൾക്കൊപ്പം പ്രാദേശിക ഭക്ഷണവിഭവങ്ങളും പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കുകയും അനുവദിച്ച നിരക്കിൽ മാത്രമേ ഭക്ഷണം വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് റെയിൽവേ നിർദേശിച്ചിട്ടുണ്ട്.

ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതിനെതിരെ യാത്രക്കാർക്ക് റെയിൽവേയുടെ പരാതിപരിഹാര സംവിധാനങ്ങളിലൂടെ പരാതി നൽകാനും കഴിയും. റെയിൽവേയുടെ ഔദ്യോഗിക വിവരമനുസരിച്ച് കാറ്ററിങ് സംബന്ധമായ പരാതികൾക്കായി 1800-111-321 എന്ന ടോൾഫ്രീ നമ്പറും ലഭ്യമാണ്.