തളിപ്പറമ്പ്: പുരോഗമന കലാ സാഹിത്യ സംഘം (പുകാസ) തളിപ്പറമ്പ് മേഖലാ കൺവെൻഷന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ സ്മിത എം. ബാലൻ രചിച്ച ‘തിരയുടെ മൊഴികൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. കൈരളി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
തളിപ്പറമ്പ് ഏഴാം മൈൽ ടാപ്പ് കോസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നാരായണൻ കാവുമ്പായി കവിതാസമാഹാരം പ്രകാശനം ചെയ്തു. സ്മിത കെ. ഇ., നാരായണൻ സി. എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
എം. എം. അനിത പുസ്തകപരിചയം നടത്തി. എം. വി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജിഷ സി. ചാലിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത കഥാകൃത്ത് വി സുരേഷ്കുമാർ തുടങ്ങി
സാഹിത്യ-സാംസ്കാരിക രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായിരുന്നു ‘തിരയുടെ മൊഴികൾ’ കവിതാസമാഹാരത്തിന്റെ പ്രകാശനം. കവിതയിലൂടെ ജീവിതാനുഭവങ്ങളെയും ചുറ്റുപാടുകളെയും അടയാളപ്പെടുത്തുന്ന രചനകളാണ് സമാഹാരത്തിലുള്ളത്.
പുകാസ തളിപ്പറമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേഖലാ കൺവെൻഷനും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചത്. എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
