തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവിലെ അമിത വർധനവ് നിയന്ത്രിക്കുന്നതിനായി നിയമനിർമാണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്ന സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചികിത്സാ നിരക്കുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് രോഗിക്ക് ഉണ്ടാകാനിടയുള്ള ചെലവുകൾ സംബന്ധിച്ച് വ്യക്തമായ വിവരം നൽകുന്ന സംവിധാനം ഉൾപ്പെടെ നിയമത്തിൽ കൊണ്ടുവരാനാണ് നീക്കം. വിവിധ പരിശോധനകൾ, ഡോക്ടർമാരുടെ ഫീസ്, മരുന്നുകൾ, മുറിവാടക, ചികിത്സാനന്തര പരിചരണം തുടങ്ങിയ ഇനങ്ങളിൽ ഈടാക്കുന്ന തുക സംബന്ധിച്ച് വ്യക്തത ഉറപ്പാക്കുന്നതും പരിഗണനയിലുണ്ട്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവും സർക്കാർ ആശുപത്രികളിലെ ചെലവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വിവിധ പഠനങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം സർക്കാർ ആശുപത്രിയിലെ കിടത്തി ചികിത്സയ്ക്ക് ശരാശരി 6,631 രൂപ ചെലവാകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ ഇത് 50,508 രൂപ വരെയാണ്. ചികിത്സാചെലവിലെ വാർഷിക വർധനയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണ നടപടികൾക്ക് പ്രാധാന്യം ലഭിക്കുന്നത്.
ചികിത്സാ നിരക്കുകളിൽ സുതാര്യത
പ്രധാന ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും ഏകീകൃത പാക്കേജ് നിരക്കുകൾ പ്രഖ്യാപിക്കുന്ന രീതിയും ദേശീയതലത്തിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. പാക്കേജിൽ ഡോക്ടറുടെ ഫീസ്, പരിശോധനകൾ, ആവശ്യമായ മെഡിക്കൽ സാമഗ്രികൾ, ശസ്ത്രക്രിയാനന്തര പരിചരണം തുടങ്ങിയ ചെലവുകൾ ഉൾപ്പെടുത്തണമെന്നാണ് നിർദേശം. രോഗികൾക്ക് ചികിത്സ തുടങ്ങുന്നതിന് മുമ്പ് ചെലവിന്റെ ഏകദേശ കണക്ക് ലഭ്യമാക്കുന്നതിലൂടെ അപ്രതീക്ഷിത സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
മുറിവാടകയിലും നിയന്ത്രണം വേണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. സമീപത്തെ ത്രീസ്റ്റാർ ഹോട്ടലുകളുടെ ശരാശരി നിരക്കിനേക്കാൾ ആശുപത്രി മുറികളുടെ അടിസ്ഥാന വാടക ഉയരരുതെന്നായിരുന്നു പാർലമെന്ററി സമിതിയുടെ ശുപാർശ.
രോഗികളുടെ ചികിത്സാവകാശവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന തരത്തിൽ നിയമനിർമാണം സാധ്യമാകുന്നതോടെ സ്വകാര്യ ആരോഗ്യരംഗത്തെ നിരക്ക് ഘടനയിലും ബില്ലിങ് രീതികളിലും കൂടുതൽ സുതാര്യത വരുമെന്നാണ് പ്രതീക്ഷ.
