ഇനി മുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ച്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; നിർദേശം നൽകി എഡിജിപി

2026 സെപ്റ്റംബർ 23 • 09:09 AM
അകം ന്യൂസ് ഡെസ്ക്
ഇനി മുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ച്ചയിൽ ഒരു ദിവസം  നിർബന്ധിത അവധി; നിർദേശം നൽകി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. എസ്‌എച്ച്‌ഒമാർ ഉൾപ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം ബാധകമാണ്.

പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടി. അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ചുകൊണ്ട്, ഓരോ ഉദ്യോഗസ്ഥനും കൃത്യമായി പ്രതിവാര അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികൾ ഉറപ്പാക്കണം. ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും ആവശ്യമായ സമയം ഉദ്യോഗസ്ഥർക്ക് ലഭിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും അവസരങ്ങളിലും അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്.

വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അർഹമായ പ്രതിവാര അവധി നിഷേധിക്കരുതെന്നും എഡിജിപി നിർദേശിച്ചു.