തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലത്ത് മയക്കുമരുന്നിനെതിരെ കാര്യമായ നടപടിയുണ്ടായില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ‘10 വർഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാൻ കഴിഞ്ഞില്ല’ എന്ന ചെന്നിത്തലയുടെ ആരോപണത്തിനെതിരെയാണ് പിണറായി വിജയൻ കണക്കുകൾ നിരത്തി രംഗത്തെത്തിയത്.
കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നുവെന്ന് പിണറായി വിജയൻ പരിഹസിച്ചു.
ഹൈദരാബാദിലെ അന്താരാഷ്ട്ര ലഹരി ലാബ് കണ്ടെത്തി
2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടെ കേരള പൊലീസ് ഹൈദരാബാദ് കുക്കട്പള്ളിയിൽ അന്താരാഷ്ട്ര ലഹരി നിർമ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സിനിമാ നിർമ്മാതാവ് നടത്തിയിരുന്നുവെന്ന് പറയപ്പെടുന്ന ലാബിൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തുകയും രാസവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. തെലങ്കാന സർക്കാർ കണ്ടെത്താൻ കഴിയാത്ത ലഹരി നിർമ്മാണ കേന്ദ്രമാണ് കേരള പൊലീസ് കണ്ടെത്തിയതെന്നും പിണറായി അവകാശപ്പെട്ടു.
‘കേന്ദ്രസർക്കാരിന്റെ കണക്കുകളും കേരളത്തിന്റെ നേട്ടം വ്യക്തമാക്കുന്നു’
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് പാർലമെന്റിലെ കേന്ദ്രസർക്കാർ രേഖകൾ വ്യക്തമാക്കുന്നതായും പിണറായി വിജയൻ പറഞ്ഞു.
2025 ഫെബ്രുവരി 3ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടി പ്രകാരം, 2022 മുതൽ മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച സംസ്ഥാനങ്ങളിൽ കേരളം മുന്നിലായിരുന്നു എന്നാണ് പിണറായി ചൂണ്ടിക്കാട്ടുന്നത്. ലഹരിക്കേസുകളിലെ അറസ്റ്റുകളുടെ എണ്ണത്തിൽ രണ്ടാമതുള്ള സംസ്ഥാനത്തേക്കാൾ മൂന്നിരട്ടിയിലേറെ കേരളത്തിൽ നടന്നതായും അദ്ദേഹം പറഞ്ഞു.
2022 ഡിസംബർ 22ന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടിയും പിണറായി ചൂണ്ടിക്കാട്ടി. കേരളത്തിലെ എൻഡിപിഎസ് കേസുകളിലെ ശിക്ഷാനിരക്ക് 98 ശതമാനത്തിലേറെയായിരുന്നപ്പോൾ ദേശീയ ശരാശരി 78 ശതമാനവും തെലങ്കാനയിൽ 25 ശതമാനവുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
അഞ്ചുവർഷം കൊണ്ട് 1.26 ലക്ഷം എൻഡിപിഎസ് കേസുകൾ
2021 മുതൽ 2025 വരെ കേരള പൊലീസ് മാത്രം 1,26,855 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തതായി പിണറായി വിജയൻ പറയുന്നു. ‘ഓപ്പറേഷൻ ഡി-ഹണ്ട്’ ഉൾപ്പെടെയുള്ള ശക്തമായ നടപടികളാണ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എക്സൈസ് വകുപ്പ് 41,946 എൻഡിപിഎസ് കേസുകളും 4,18,403 COTPA കേസുകളും രജിസ്റ്റർ ചെയ്തതായും പിണറായി കുറിപ്പിൽ പറയുന്നു.
എക്സൈസ് പിടിച്ചെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കണക്കുകളിൽ 17,587.4335 കിലോ കഞ്ചാവ്, 33,419.996 ഗ്രാം എംഡിഎംഎ, 65,943.8254 ഗ്രാം ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു.
‘ഓപ്പറേഷൻ തൂഫാനെ പ്രതിപക്ഷം എതിർത്തിട്ടില്ല’
നിലവിലെ സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിരുദ്ധ നടപടികളെ പ്രതിപക്ഷം എതിർത്തിട്ടില്ലെന്നും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ പ്രതിയായതായി പറയപ്പെടുന്ന അന്താരാഷ്ട്ര എംഡിഎംഎ കേസിലെ അന്വേഷണത്തെ അട്ടിമറിക്കാൻ ഉന്നതതല ശ്രമം നടന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് കേസിൽ ശാസ്ത്രീയ തെളിവെടുപ്പുകൾ നിർത്തിവയ്ക്കാൻ പൊലീസിന് മേൽ സമ്മർദമുണ്ടായെന്നും പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കാനോ ബെംഗളൂരുവിൽ എത്തിച്ച് ശാസ്ത്രീയ പരിശോധന നടത്താനോ പൊലീസ് തയ്യാറായില്ലെന്നും പിണറായി ആരോപിച്ചു.
‘സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചു’
സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോൾ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പിആർ പ്രചാരണം നടത്തുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
മയക്കുമരുന്ന് വേട്ടയ്‌ക്കെതിരായ വിമർശനമെന്ന രീതിയിൽ തങ്ങളുടെ ആരോപണങ്ങളെ ചിത്രീകരിച്ച് യഥാർഥ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ആഭ്യന്തര വകുപ്പും മന്ത്രിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കാസർഗോഡ് കേസിൽ ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയെന്നും ആഭ്യന്തരമന്ത്രി നിസ്സഹായനാണെന്നുമുള്ള ഗുരുതര ആരോപണവും പിണറായി ഉന്നയിച്ചു.
വസ്തുതകൾ പരിശോധിച്ച് ഉത്തരവാദിത്വബോധത്തോടെ ആഭ്യന്തരമന്ത്രി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വിജയൻ ഫെയിസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
-1.jpeg&w=3840&q=75)