തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും നിന്ന് പാർസൽ ഭക്ഷണം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഓണസദ്യ ഉൾപ്പെടെയുള്ള പാർസൽ ഭക്ഷണം മോശം ഗുണനിലവാരത്തിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
ചൂടുള്ള സദ്യയും മറ്റ് ഭക്ഷണങ്ങളും ഫുഡ് ഗ്രേഡ് അലൂമിനിയം പാത്രങ്ങളിലോ കണ്ടെയ്നറുകളിലോ പാക്ക് ചെയ്ത് നൽകണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ഭക്ഷണം പാക്ക് ചെയ്യുന്നതിനായി നിലവാരമില്ലാത്തതോ ഭക്ഷ്യയോഗ്യമല്ലാത്തതോ ആയ വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഓണത്തോടനുബന്ധിച്ച് സ്ഥാപനങ്ങളിൽ വലിയ തോതിൽ ഭക്ഷണം തയ്യാറാക്കുന്നതിനാൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പ്രത്യേകിച്ച് നേരിട്ട് ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്ന പാക്കിങ് വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്.
ഭക്ഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം. ഇതിനായി 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി നൽകാനുള്ള സൗകര്യമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പോർട്ടലിലൂടെയും പരാതികൾ അറിയിക്കാം.
ഇന്ന് ഇറങ്ങിയ ദിനപത്രങ്ങളിൽ ഇതു സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരസ്യം നൽകിയിട്ടുണ്ട്

ഓണാഘോഷ വേളയിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ‘ഈറ്റ് റൈറ്റ്, ഈറ്റ് ഹെൽത്തി, ഈറ്റ് സസ്റ്റെയിനബിൾ’ എന്ന സന്ദേശത്തോടെയാണ് വകുപ്പ് ബോധവത്കരണം നടത്തുന്നത്.