കണ്ണൂർ: ഓണക്കാലത്ത് പാൽ ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ മായം കലർന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പാൽ പരിശോധനാ ക്യാമ്പിന് തുടക്കമായി. സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണമേന്മാ പരിശോധനാ ലാബിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി കൺട്രോൾ ഓഫീസർ എൻ. ശ്രീകാന്തി, ടെക്നിക്കൽ അസിസ്റ്റന്റ് ട്വിങ്കിൾ മാത്യു, മറ്റ് ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകിട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് ലാബിൽ പാൽ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകാം. പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റർ പാൽ കൊണ്ടുവരണം. പാക്കറ്റ് പാലാണ് പരിശോധനയ്ക്ക് നൽകുന്നതെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ തന്നെ എത്തിക്കണം.
പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ക്വാളിറ്റി കൺട്രോൾ ലാബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 9747336094, 9447204204.