പൃഥ്വിരാജ്–മഞ്ജു വാര്യർ ചിത്രം ‘ഒടിയൻ’ ഒരുങ്ങുന്നു; പൂജാ ചടങ്ങുകളോടെ തുടക്കമായി

2026 സെപ്റ്റംബർ 14 • 12:42 PM
അകം ന്യൂസ് ഡെസ്ക്
പൃഥ്വിരാജ്–മഞ്ജു വാര്യർ ചിത്രം ‘ഒടിയൻ’ ഒരുങ്ങുന്നു; പൂജാ ചടങ്ങുകളോടെ തുടക്കമായി

കൊച്ചി: പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു.‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറൈ’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വേറിട്ട ഹൊറർ-മിസ്റ്ററി ത്രില്ലർ ആഖ്യാനശൈലി സൃഷ്ടിച്ച രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ധർമ പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കരൺ ജോഹറിന്റെ നേതൃത്വത്തിലുള്ള ധർമ പ്രൊഡക്‌ഷൻസ് ആദ്യമായി മലയാള സിനിമയിൽ നിർമ്മാണ പങ്കാളിയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, കേരളീയ നാടോടി പാരമ്പര്യത്തിലെ ‘ഒടിയൻ’ സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. യാഥാർഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്ന കഥയാണ് സിനിമയുടേതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്. പൃഥ്വിരാജും മഞ്ജു വാര്യരും ആദ്യമായി പ്രധാന കഥാപാത്രങ്ങളായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാഹുൽ സദാശിവന്റെ മുൻ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി വലിയ കാൻവാസിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ഇതോടെ കേരളീയ നാടോടിക്കഥയിലെ ഒടിയൻ സങ്കൽപ്പത്തെ കൂടുതൽ വിശാലമായ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയാകും ചിത്രം. ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ ദൃശ്യങ്ങൾ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.പൂജചടങ്ങിൽ

മല്ലിക സുകുമാരൻ,സുപ്രിയമേനോൻ,ഷോബി തിലകൻ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ പൃഥ്വിരാജ് സംവിധായകൻ രാഹുൽ സദാശിവൻ ഹാരിസ് ദേശം മഞ്ജുവാര്യർ തുടങ്ങിയർ പുജ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പൃഥ്വിരാജ്–മഞ്ജു വാര്യർ കൂട്ടുകെട്ടും ധർമ പ്രൊഡക്‌ഷൻസിന്റെ മലയാള അരങ്ങേറ്റവും ഒരുമിക്കുന്നതിനാൽ ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ മലയാള സിനിമയിൽ പ്രതീക്ഷ ഉയർത്തുന്ന സിനിമയാകും എന്നാണ് പ്രതീക്ഷ.