ഗോവ:തിരുവനന്തപുരം–മുംബൈ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിൽ നിന്ന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന താനെ കിസാൻ നഗർ സ്വദേശികളായ സ്മിത പണിക്കരും മകൾ ശ്രുതി പണിക്കരുമാണ് കവർച്ചയ്ക്കിരയായത്.
സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മൂന്ന് സ്വർണവളകളും മാലകളും അടങ്ങിയ ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ഗോവയ്ക്കും തിവിമിനുമിടയിൽ മജോർഡ ജംക്‌ഷന് സമീപം, ട്രെയിൻ വേഗം കുറച്ച സമയത്താണ് കവർച്ച നടന്നത്. ഞായറാഴ്ച പുലർച്ചെ 5.15നും 5.30നും ഇടയിലായിരുന്നു സംഭവം.
ട്രെയിൻ വേഗം കുറച്ചതോടെ സ്മിത പണിക്കരുടെ സമീപത്തെത്തിയ മോഷ്ടാവ് അവരുടെ കൈയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലി നടന്നു. ഇതിനിടെ സ്മിതയ്ക്ക് ട്രെയിനിൽ നിന്ന് വീണ് വലിയ അപകടമുണ്ടാകാനുള്ള സാഹചര്യമുണ്ടായെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടർന്ന് മോഷ്ടാവ് ബാഗ് കൈക്കലാക്കി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
യാത്രക്കാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ലോക്കർ കവർച്ച സംഘത്തിൽപ്പെട്ടതായി പറയപ്പെടുന്ന കെ. എൻ. നിഖിൽ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
