തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ (MVD) വാഹന–ഡ്രൈവിങ് ലൈസൻസ് സേവനങ്ങളിൽ നിർണായക മാറ്റം. സെപ്റ്റംബർ 21 മുതൽ 60 സേവനങ്ങൾക്ക് ആധാർ അധിഷ്ഠിത ഒടിപി പരിശോധന നിർബന്ധമാക്കി. അപേക്ഷാ നടപടികൾ കൂടുതൽ സുതാര്യവും നേരിട്ടുമാക്കുന്നതിനും അനധികൃത ഇടനിലക്കാരുടെ ഇടപെടൽ കുറയ്ക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
വാഹൻ, സാരഥി പോർട്ടലുകളിലൂടെയാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചായിരിക്കും അപേക്ഷകന്റെ തിരിച്ചറിയൽ സ്ഥിരീകരിക്കുക. ഇതോടെ ഭൂരിഭാഗം സേവനങ്ങൾക്കായി ആർടിഒ ഓഫീസുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാകും.
പ്രിന്റ് എടുത്ത് ഓഫീസിൽ നൽകേണ്ടതില്ല
പുതിയ സംവിധാനത്തിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ട് ആർടിഒ ഓഫീസുകളിൽ നൽകേണ്ടതില്ലെന്നാണ് എംവിഡിയുടെ നിർദേശം. അപേക്ഷകൾ ആദ്യം ലഭിക്കുന്നത് ആദ്യം പരിഗണിക്കുന്ന രീതിയിൽ (first come, first served) ആയിരിക്കും പ്രോസസ് ചെയ്യുക. നിലവിൽ 21 സേവനങ്ങൾ മാത്രമാണ് പൂർണമായും ഫേസ്‌ലെസ് രീതിയിൽ ലഭിച്ചിരുന്നത്. പുതിയ സംവിധാനത്തോടെ കൂടുതൽ സേവനങ്ങൾ ഓഫീസിൽ പോകാതെ ചെയ്യാൻ കഴിയും.
ഈ സാഹചര്യങ്ങളിൽ ഓഫീസിൽ പോകണം
എല്ലാ നടപടികളും ഓൺലൈനാകുമെങ്കിലും ചില സേവനങ്ങൾക്ക് നേരിട്ടുള്ള സാന്നിധ്യം ആവശ്യമായി വരും. പ്രധാനമായും:
- വാഹന പരിശോധന
- നിയമപരമായ അവകാശികളുടെ തിരിച്ചറിയൽ
- വ്യക്തിഗത ഹിയറിങ്
- ആധാർ ഒടിപി സ്ഥിരീകരണം പരാജയപ്പെട്ടാൽ മാനുവൽ പരിശോധന
ആധാർ ഒടിപി പരാജയപ്പെടുന്ന സാഹചര്യത്തിൽ മാനുവൽ പരിശോധനയ്ക്കായി ഒരിക്കൽ മാത്രം ആർടിഒ ഓഫീസിൽ നേരിട്ട് എത്തേണ്ടിവരും.
ഹിയറിങും ഓൺലൈനായി
വ്യക്തിഗത ഹിയറിങ്ങുകൾക്ക് ഇനി വീഡിയോ കോൺഫറൻസിങ് സൗകര്യവും ഉപയോഗിക്കാം. ‘വീമീറ്റ്’ (We Meet) സംവിധാനത്തിലൂടെ ‘നമ്മുടെ കേരളം’ പോർട്ടൽ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. വാഹന പരിശോധന ഉൾപ്പെടെയുള്ള ചില സേവനങ്ങൾക്കുള്ള സ്ലോട്ടുകളും ഓൺലൈനായി ബുക്ക് ചെയ്യാം.
ഏത് സേവനത്തിന് ഏത് പോർട്ടൽ?
സാരഥി: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഡ്രൈവിങ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് തുടങ്ങിയവ.
വാഹൻ: വാഹന രജിസ്ട്രേഷൻ, വാഹനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങിയവ.
ഡ്രൈവിങ്, ലേണേഴ്സ് ടെസ്റ്റ്, ഹെവി വാഹന ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് തുടങ്ങിയവയ്ക്കുള്ള സ്ലോട്ടുകൾ സാരഥി വഴിയും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് സ്ലോട്ടുകൾ വാഹൻ വഴിയും ബുക്ക് ചെയ്യണം.
ഓൺലൈൻ അപേക്ഷയിൽ സഹായം വേണമെങ്കിൽ
ഓൺലൈൻ നടപടികൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ (CSC), ഔദ്യോഗിക ആർടിഒ കൗണ്ടറുകൾ എന്നിവയുടെ സഹായം തേടാം. അനധികൃത ഏജന്റുമാരെ ആശ്രയിക്കേണ്ടതില്ലെന്നാണ് എംവിഡിയുടെ നിലപാട്.
വാഹന പരിശോധന കൂടുതൽ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളും (ATS) സ്ഥാപിച്ചുവരികയാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലായി മൂന്ന് കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനസജ്ജമായതായി റിപ്പോർട്ടുകളുണ്ട്. എല്ലാ ജില്ലകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതി.
ആധാർ ഒടിപി അധിഷ്ഠിതമായ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാഹന ഉടമകൾക്കും ലൈസൻസ് അപേക്ഷകർക്കും കൂടുതൽ നടപടികൾ വീട്ടിലിരുന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് എംവിഡിയുടെ പ്രതീക്ഷ. അതേസമയം, ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ലഭ്യമല്ലാത്തവർ അപേക്ഷാ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് അത് പരിശോധിക്കേണ്ടതുണ്ട്.
