മുംബൈ:കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥ പറയുന്ന മാധ്യമപ്രവർത്തകൻ നവാസ് മേത്തറിന്റെ ‘ആ താലിമാല തേടി ആരും വന്നില്ല’ എന്ന പുസ്തകം മുംബൈയിലെ വായനക്കാരിലേക്കും. മുംബൈ മലയാള പ്രചാര സഭയുടെയും കൈരളി ബുക്സിന്റെയും നേതൃത്വത്തിൽ ചെമ്പൂർ ആദർശ വിദ്യാലയ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരികോത്സവത്തിലും പുസ്തകമേളയിലുമാണ് പുസ്തകം അവതരിപ്പിച്ചത്.
കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് നിലവിൽ വിപണിയിലുള്ളത്. മുംബൈ പുസ്തകോത്സവത്തിലെ ആദ്യ വിൽപ്പന കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ നിർവഹിച്ചു. കൈരളി ബുക്സ് മാനേജിങ് ഡയറക്ടർ അശോക് കുമാറിൽ നിന്ന് അദ്ദേഹം പുസ്തകം ഏറ്റുവാങ്ങി.
സാംസ്കാരികോത്സവത്തിന്റെയും പുസ്തകമേളയുടെയും ഉദ്ഘാടനം എഴുത്തുകാരൻ പി. സുരേന്ദ്രൻ നിർവഹിച്ചു. മുംബൈയിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
