വാഹന രേഖയിൽ ഇനി മോഹൻലാലിന്റെ പേര് മാത്രം; ‘ലെഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ പദവികൾ നീക്കി എംവിഡി

2026 സെപ്റ്റംബർ 8 • 10:11 AM
അകം ന്യൂസ് ഡെസ്ക്
വാഹന രേഖയിൽ ഇനി മോഹൻലാലിന്റെ പേര് മാത്രം; ‘ലെഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ പദവികൾ നീക്കി എംവിഡി

കൊച്ചി: നടൻ മോഹൻലാലിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) രേഖകളിൽ പേരിനൊപ്പമുണ്ടായിരുന്ന ‘ലെഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് നീക്കി. വാഹന ആർസി രേഖകളിൽ ആധാർ കാർഡിലുള്ളതിന് സമാനമായ പേര് മാത്രമേ രേഖപ്പെടുത്താവൂ എന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെഎൽ 7 സിയു 2020 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള മോഹൻലാലിന്റെ വാഹനത്തിന്റെ ആർസി രേഖകളിലാണ് മാറ്റം വരുത്തിയത്. വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി മോഹൻലാലിന്റെ ഏജന്റ് ആർടി ഓഫീസിലെത്തിയപ്പോഴാണ് ആധാർ രേഖയിലെ പേരും ആർസിയിലെ പേരും തമ്മിലുള്ള വ്യത്യാസം സാങ്കേതിക തടസ്സത്തിന് കാരണമായത്.

ഇതിനെ തുടർന്ന് വാഹനത്തിന്റെ ആർസി രേഖയിലെ പേര് ആധാർ കാർഡിലേതിന് സമാനമായി തിരുത്തുകയായിരുന്നു.

നേരത്തെ ‘ലെഫ്റ്റനന്റ് കേണൽ ഡോ. വി. മോഹൻലാൽ’ എന്നായിരുന്നു വാഹന രേഖകളിൽ പേര് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഇത് ‘വിശ്വനാഥൻ നായർ മോഹൻലാൽ’ എന്നാക്കി മാറ്റിയിട്ടുണ്ട്.

2020ലാണ് വാഹനം രജിസ്റ്റർ ചെയ്തത്. മോഹൻലാലിന് ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചിട്ടുള്ളതും സിനിമയിലെ സംഭാവനകൾക്ക് വിവിധ അംഗീകാരങ്ങൾ നേടിയിട്ടുള്ളതുമാണ്. എന്നാൽ വാഹനത്തിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ രേഖകളിൽ വ്യക്തിയുടെ തിരിച്ചറിയൽ രേഖകളിലുള്ള പേര് മാത്രമേ ഉൾപ്പെടുത്താവൂ എന്ന വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തിരുത്തൽ.