കണ്ണൂർ: “ഗാന്ധിക്ക് ഹിന്ദു രാഷ്ട്രം എന്ന സങ്കൽപ്പം തന്നെയില്ല; തെറ്റ് പറ്റിയാൽ സമ്മതിക്കാത്തവരാണ് ഇന്നത്തെ നേതാക്കൾ” — ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂരിൽ നടന്ന ഗാന്ധിയൻ പ്രഭാഷണത്തിൽ എം.എൻ. കാരശ്ശേരിയുടെ രൂക്ഷ വിമർശനം. ഗാന്ധിയുടെ ഇന്ത്യാ സങ്കൽപ്പവും സമകാലിക രാഷ്ട്രീയത്തിലെ സമീപനങ്ങളും താരതമ്യം ചെയ്തായിരുന്നു കാരശ്ശേരിയുടെ പരാമർശങ്ങൾ. “തെറ്റ് പറ്റിയാൽ സമ്മതിക്കുന്നതിന് പകരം ‘ജാഗ്രതക്കുറവുണ്ടായി’ എന്നാണ് ഇപ്പോഴത്തെ കാലത്തെ നേതാക്കൾ പറയുന്നത്,” കാരശ്ശേരി പറഞ്ഞു. ഗാന്ധി ദാരിദ്ര്യത്തെ അപമാനമായി കണ്ടിരുന്നില്ലെന്നും “ദാരിദ്ര്യത്തിൽ ലജ്ജിക്കാനൊന്നുമില്ലെന്ന് ലോകത്തെ പഠിപ്പിച്ചയാളാണ് ഗാന്ധി” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കണ്ണൂർ ലിറ്റററി ഫെസ്റ്റിന് എം.എൻ. കാരശ്ശേരിയുടെ ഗാന്ധിയൻ പ്രഭാഷണത്തോടെയാണ് തുടക്കമായത്. ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും. സാഹിത്യം, സംസ്കാരം, ജീവിതം, പരിസ്ഥിതി, സിനിമ, സംഗീതം തുടങ്ങിയ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റ് നടക്കുന്നത്. ആദ്യദിനത്തിലെ ചർച്ചകളിലും പ്രഭാഷണങ്ങളിലും എം.എൻ. കാരശ്ശേരിക്കു പുറമേ എൻ.പി. സജീഷ്, ഡോ. സോണിയ ചെറിയാൻ, ഡോ. എ.കെ. ജയശ്രീ, എൻ.സി. നമിത തുടങ്ങിയവർ പങ്കെടുക്കും.
