ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ദുരുപയോഗവും ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മെറ്റ. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട നിയമപാലന ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാനും വിവരങ്ങൾ കൈമാറാനും തയ്യാറാണെന്ന് മെറ്റ വ്യക്തമാക്കിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ഉൾപ്പെടുത്തി ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് നടപടി. ഇന്ത്യയിൽ വിഷയത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) ഉൾപ്പെടെയുള്ള ഏജൻസികൾ ഇടപെട്ടിട്ടുണ്ട്. മെറ്റ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ കമ്മീഷന് മുന്നിൽ ഹാജരായി വിശദീകരണം നൽകുകയും ചെയ്തിരുന്നു. മെറ്റയുടെ ഔദ്യോഗിക വിശദീകരണമനുസരിച്ച്, കുട്ടികളുടെ ചൂഷണവുമായി ബന്ധപ്പെട്ടതായി കണ്ടെത്തുന്ന ഉള്ളടക്കങ്ങളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നതിനായി AI ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. 2025-ൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 36 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 1.6 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തതായും കമ്പനി അറിയിച്ചു. ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ POCSO നിയമവും അനുബന്ധ ചട്ടങ്ങളും അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും നിലവിലുണ്ടെന്ന് മെറ്റ വ്യക്തമാക്കുന്നു. നിലവിൽ NCMEC വഴിയാണ് ബന്ധപ്പെട്ട റിപ്പോർട്ടുകൾ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്ക് കൈമാറുന്നതെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമായി പരിശോധിക്കണമെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് മെറ്റയുടെ പുതിയ നിലപാട്.
സമകാലികം
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം: അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറുമെന്ന് മെറ്റ
