മമിത ബൈജു–വിഷ്ണു വിശാൽ ചിത്രം ‘ഇരണ്ടു വാനം’; കേരള വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്

2026 സെപ്റ്റംബർ 26 • 06:03 PM
അകം ന്യൂസ് ഡെസ്ക്
മമിത ബൈജു–വിഷ്ണു വിശാൽ ചിത്രം ‘ഇരണ്ടു വാനം’; കേരള വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്

കൊച്ചി: മമിത ബൈജുവും വിഷ്ണു വിശാലും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഇരണ്ടു വാനം’ കേരളത്തിലെത്തിക്കുന്നത് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. ചിത്രത്തിന്റെ കേരള വിതരണാവകാശമാണ് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് സ്വന്തമാക്കിയത്. ഒക്ടോബർ 23ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

‘മുണ്ടാസുപ്പട്ടി’, ‘രാക്ഷസൻ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം കുമാറും വിഷ്ണു വിശാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പ്രണയത്തിനും ഫാന്റസിക്കും പ്രാധാന്യം നൽകുന്ന റൊമാന്റിക് ഫാന്റസി ചിത്രമായാണ് ‘ഇരണ്ടു വാനം’ ഒരുങ്ങുന്നത്. വിഷ്ണു വിശാലും മമിത ബൈജുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്.

സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്ധിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. റാം കുമാർ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. വിഷ്ണു വിശാലും റാം കുമാറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

തമിഴിലും മലയാളത്തിലും തുടർച്ചയായ വിജയങ്ങളിലൂടെ ശ്രദ്ധ നേടിയ മമിത ബൈജുവിന്റെ മറ്റൊരു പ്രധാന തമിഴ് ചിത്രമെന്ന പ്രത്യേകതയും ‘ഇരണ്ടു വാനം’ സ്വന്തമാക്കുന്നു. ചിത്രത്തിൽ ആദ്യമായാണ് മമിത ബൈജുവും വിഷ്ണു വിശാലും ഒരുമിക്കുന്നത്. പ്രണയം, ഫാന്റസി, വൈകാരികത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടൈക്കനാൽ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ പൂർത്തിയാക്കിയിട്ടുണ്ട്.

ദിബു നൈനൻ തോമസാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ദിനേഷ് കെ. ബാബു ഛായാഗ്രഹണവും സാൻ ലോകേഷ് എഡിറ്റിംഗും നിർവഹിക്കുന്നു.

ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണ പങ്കാളിയാണ്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഒക്ടോബർ 23ന് ‘ഇരണ്ടു വാനം’ തിയേറ്ററുകളിലെത്തും.