കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മഹേഷ് മുരളീധർ പൈ ചുമതലയേറ്റു. ഒക്ടോബർ 1 മുതലാണ് പുതിയ ചുമതല പ്രാബല്യത്തിൽ വന്നത്. മൂന്ന് വർഷത്തേക്കാണ് നിയമനം.
ബാങ്കിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം പ്രവർത്തനപരിചയമുള്ള മഹേഷ് മുരളീധർ പൈ നേരത്തെ കനറാ ബാങ്കിൽ ചീഫ് ജനറൽ മാനേജരായിരുന്നു. സ്ട്രാറ്റജി, ഗവേണൻസ്, ഡിജിറ്റൽ ബാങ്കിങ്, ട്രഷറി, ഫോറെക്സ്, റീട്ടെയ്ൽ ബാങ്കിങ്, കാർഷിക വായ്പ, എംഎസ്എംഇ ക്രെഡിറ്റ് തുടങ്ങിയ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കനറാ ബാങ്കിലെ പ്രവർത്തനകാലത്ത് ഗോൾഡ് ലോൺ വിഭാഗം രൂപീകരിക്കുന്നതടക്കമുള്ള തന്ത്രപ്രധാനമായ പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നു. ബാങ്കിന്റെ ന്യൂയോർക്ക് പ്രവർത്തനങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബാങ്കിങ് പ്രവർത്തനങ്ങളിലെ അനുഭവവും അദ്ദേഹത്തിനുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യാധിഷ്ഠിത മാറ്റങ്ങൾ, കൂടുതൽ കാര്യക്ഷമമായ പ്രവർത്തനം, ഉപഭോക്തൃബന്ധം ശക്തിപ്പെടുത്തൽ എന്നിവയ്ക്കാണ് തന്റെ ശ്രദ്ധയെന്ന് മഹേഷ് മുരളീധർ പൈ വ്യക്തമാക്കിയിട്ടുണ്ട്. സുസ്ഥിരമായ വളർച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മഹേഷ് പൈ ചുമതലയേൽക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 16 മുതൽ 30 വരെ ബാങ്കിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി പ്രവർത്തിച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളും സംവിധാനങ്ങളും ഭരണക്രമവും പരിചയപ്പെടുന്നതിനായിരുന്നു ഈ ഇടക്കാല ചുമതല.
മഹേഷ് പൈ ചുമതലയേറ്റതോടെ പി.ആർ. ശേഷാദ്രിയുടെ മൂന്ന് വർഷത്തെ എംഡി ആൻഡ് സിഇഒ കാലാവധി അവസാനിച്ചു. സെപ്റ്റംബർ 30നാണ് ശേഷാദ്രി വിരമിച്ചത്.
