ജന്മദിനത്തിൽ സ്വർണപ്പൊലിമ; ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ലവ്‌ലിന

2026 ഒക്‌ടോബർ 2 • 11:54 AM
അകം ന്യൂസ് ഡെസ്ക്
ജന്മദിനത്തിൽ സ്വർണപ്പൊലിമ; ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ലവ്‌ലിന

നഗോയി: ജന്മദിനത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ലവ്‌ലിന ബോർഗോഹെയ്ൻ. ഐച്ചി–നഗോയി ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 75 കിലോഗ്രാം ബോക്സിങ് ഫൈനലിൽ ചൈനയുടെ ബാവോ സിയിയെ 5–0ന് തോൽപ്പിച്ചാണ് ലവ്‌ലിന സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടവും ലവ്‌ലിന സ്വന്തമാക്കി. 

29-ാം ജന്മദിനത്തിലാണ് ലവ്‌ലിനയുടെ സുവർണനേട്ടം. 1997 ഒക്ടോബർ രണ്ടിനാണ് ലവ്‌ലിന ജനിച്ചത്. ജന്മദിനത്തിന് ലഭിച്ച ഏറ്റവും മികച്ച സമ്മാനമായി മാറി ഈ സ്വർണ മെഡൽ. 

ഫൈനലിൽ തുടക്കം മുതൽ നിയന്ത്രിതമായ പ്രകടനമാണ് ലവ്‌ലിന പുറത്തെടുത്തത്. ആദ്യ റൗണ്ടിൽ 3–2ന് മുന്നിലെത്തിയ താരം രണ്ടാം റൗണ്ടിലും 4–1ന്റെ മുൻതൂക്കം നേടി. നിർണായകമായ മൂന്നാം റൗണ്ടിലും 4–1ന് മുന്നിലെത്തിയതോടെ 5–0 എന്ന ഏകകണ്ഠമായ വിധിയിൽ സ്വർണം ഉറപ്പിക്കുകയായിരുന്നു. 

ഹാങ്‌ഷൗവിലെ വെള്ളിയിൽ നിന്ന് നഗോയിയിലെ സ്വർണത്തിലേക്കുള്ള യാത്ര കൂടിയാണ് ലവ്‌ലിനയുടേത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിന്റെ ഫൈനലിൽ ചൈനയുടെ ലി ക്വിയാനോട് തോറ്റാണ് ലവ്‌ലിന വെള്ളി നേടിയത്. ഇത്തവണ ചൈനീസ് താരത്തിനെതിരായ ഫൈനലിൽ വിജയം സ്വന്തമാക്കി ആ വെള്ളി സ്വർണമാക്കി മാറ്റുകയായിരുന്നു. 

2014ലെ ഇൻചിയോൺ ഏഷ്യൻ ഗെയിംസിൽ 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയ എം.സി. മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് ലവ്‌ലിന. 

ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ലവ്‌ലിന സെമിഫൈനലിൽ കസാഖിസ്ഥാന്റെ ലോക ചാമ്പ്യൻ നതാല്യ ബൊഗ്ദാനോവയെ 3–2ന് മറികടന്നാണ് ഫൈനലിലെത്തിയത്. ഇതോടെ തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസുകളിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറെന്ന നേട്ടവും ലവ്‌ലിന സ്വന്തമാക്കിയിരുന്നു. 

ഇന്ത്യൻ ബോക്സിങ്ങിനും ഈ ഏഷ്യൻ ഗെയിംസ് ശ്രദ്ധേയമായിരിക്കുകയാണ്. ഹാങ്‌ഷൗവിൽ നേടിയ നാല് മെഡലുകളെ മറികടന്ന് ഇത്തവണ ഇന്ത്യൻ ബോക്സർമാർ ഇതിനകം ആറ് മെഡലുകൾ ഉറപ്പാക്കിയിട്ടുണ്ട്.