‘പൊനം’ അടുത്ത വർഷം; ഫഹദും ചാക്കോച്ചനും പ്രധാന വേഷങ്ങളിൽ

2026 ഒക്‌ടോബർ 3 • 04:58 PM
അകം ന്യൂസ് ഡെസ്ക്
‘പൊനം’ അടുത്ത വർഷം; ഫഹദും ചാക്കോച്ചനും പ്രധാന വേഷങ്ങളിൽ
ai ഉപയോഗിച്ച് ക്രീയേറ്റ് ചെയ്ത ചിത്രം

13 വർഷത്തിന് ശേഷം ഫഹദ് ഫാസിലും ലാൽ ജോസും വീണ്ടും ഒന്നിക്കുന്നു

കൊച്ചി: കെ.എൻ. പ്രശാന്തിന്റെ ശ്രദ്ധേയമായ നോവൽ ‘പൊനം’ സിനിമയാക്കാനുള്ള ഒരുക്കങ്ങളുമായി സംവിധായകൻ ലാൽ ജോസ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്ന ചിത്രത്തിന്റെ ചിത്രീകരണം സാങ്കേതിക കാരണങ്ങളാൽ അടുത്ത വർഷത്തേക്ക് മാറ്റിയതായി ലാൽ ജോസ് വ്യക്തമാക്കി. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് വിശദീകരിച്ചത്.

ആദ്യം ‘പൊനം’ ഒരു വെബ് സീരീസായി ഒരുക്കാനായിരുന്നു ലാൽ ജോസ് ആലോചിച്ചിരുന്നത്. എന്നാൽ നോവലിന്റെ രചയിതാവായ കെ.എൻ. പ്രശാന്തിന് സിനിമയാക്കാനായിരുന്നു താൽപര്യം. തുടർന്ന് തിരക്കഥ തയ്യാറാക്കാൻ ഏകദേശം മൂന്ന് വർഷം വേണ്ടിവന്നു. വലിയ ബജറ്റ് ആവശ്യമായ ചിത്രമായതിനാലാണ് ഷൂട്ടിങ് മാറ്റിവച്ചതെന്നും ലാൽ ജോസ് പറഞ്ഞു.

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പോസിറ്റീവ് കഥാപാത്രത്തെയും ഫഹദ് ഫാസിൽ അതിന് എതിർവശത്തുള്ള കഥാപാത്രത്തെയുമാണ് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. കഥ കേട്ടതിന് പിന്നാലെ ഫഹദ് തന്നെ ചിത്രത്തിനായി ഡേറ്റ് നൽകുകയായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.

“നമ്മൾ ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വർഷമായി. എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയത്?” എന്ന് ഫഹദ് ചോദിച്ച സംഭവം തനിക്ക് ഏറെ സന്തോഷം നൽകിയെന്നും ലാൽ ജോസ് പറഞ്ഞു. പ്രേക്ഷകർ തങ്ങളെയൊരുമിച്ച് ഇപ്പോഴും ഓർക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2013ൽ പുറത്തിറങ്ങിയ ‘ഇമ്മാനുവൽ’ ആണ് ലാൽ ജോസും ഫഹദ് ഫാസിലും ഒന്നിച്ച മുൻചിത്രം. ‘പൊനം’ ഇരുവരുടെയും രണ്ടാമത്തെ കൂട്ടുകെട്ടാകും.

കേരള–കർണാടക അതിർത്തിയിലെ വനപ്രദേശങ്ങളെ പശ്ചാത്തലമാക്കുന്ന കഥയാണ് ‘പൊനം’. രണ്ട് വ്യക്തികളും അവരുടെ കുടുംബങ്ങളും തമ്മിലുള്ള പകയും പ്രതികാരവുമാണ് കഥയുടെ പ്രധാന പ്രമേയമെന്ന് നേരത്തെ ലാൽ ജോസ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ വലിയ ബജറ്റും വിശാലമായ കഥാപശ്ചാത്തലവും സിനിമയുടെ പ്രത്യേകതകളാണ്.

അതേസമയം, ലാൽ ജോസ് മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലുമാണ്. ഡോ. ഇക്ബാലിനൊപ്പം ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നും ഉണ്ണി മുകുന്ദനാണ് നായകനെന്നും അദ്ദേഹം അറിയിച്ചു.