തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി എ.ഐ. (AI) അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം കെ.എസ്.ആർ.ടി.സി ആരംഭിച്ചു.
9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ആവശ്യമായ യാത്രാ വിവരങ്ങൾ ലഭിക്കാനും കഴിയും. മെട്രോ റെയിൽ മാതൃകയിൽ എ.ഐ. ചാറ്റ്ബോട്ട് ഉപയോഗിച്ചാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.
യാത്ര ചെയ്യേണ്ട സ്ഥലവും സമയവും വാട്‌സ്ആപ്പ് ചാറ്റിലൂടെ തിരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ടിക്കറ്റ് ഉറപ്പാക്കാനാകും. കൂടാതെ, സർവീസുകൾ, സമയക്രമം, യാത്രാസംബന്ധമായ മറ്റ് വിവരങ്ങൾ എന്നിവയും ചാറ്റ്ബോട്ടിലൂടെ അറിയാൻ സാധിക്കും.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകൾക്ക് പുറമെ 'മംഗ്ലീഷ്' (Manglish) ഉപയോഗിച്ചും സന്ദേശങ്ങൾ അയയ്ക്കാനാകുമെന്നതാണ് ഈ സേവനത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ കൂടുതൽ ആളുകൾക്ക് സേവനം എളുപ്പത്തിൽ ഉപയോഗിക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നത്.
അതേസമയം, യാത്രാസംബന്ധമായ വിവരങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന കെ.എസ്.ആർ.ടി.സി ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറും യാത്രക്കാർക്ക് ലഭ്യമാണ്.
-1.jpeg)