ഹിമാചലിൽ നിന്ന് 600 മെഗാവാട്ട്; വൈദ്യുതി നിയന്ത്രണത്തിന് ശമനമാകുമെന്ന് കെഎസ്ഇബി

2026 ഒക്‌ടോബർ 3 • 10:51 AM
അകം ന്യൂസ് ഡെസ്ക്
ഹിമാചലിൽ നിന്ന് 600 മെഗാവാട്ട്; വൈദ്യുതി നിയന്ത്രണത്തിന് ശമനമാകുമെന്ന് കെഎസ്ഇബി

കൊച്ചി: സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി ധാരണയിലെത്തി. ഒക്ടോബർ ഒന്ന് മുതൽ 2027 മേയ് 31 വരെയാണ് വൈദ്യുതി ലഭിക്കുക. ഇതോടെ സെപ്റ്റംബറിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

വ്യാഴാഴ്ച മുതൽ ഹിമാചലിൽ നിന്നുള്ള വൈദ്യുതി ലഭിച്ചുതുടങ്ങിയതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു. പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചയായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കെഎസ്ഇബി ഉന്നതതല സംഘങ്ങൾ അധിക വൈദ്യുതി ലഭ്യത പരിശോധിച്ചിരുന്നു. ബിഹാറിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും ഏതാനും ദിവസങ്ങളിൽ വൈദ്യുതി ലഭിച്ചെങ്കിലും തുടർച്ചയായി വാങ്ങാൻ സാധിച്ചിരുന്നില്ല.

യൂണിറ്റിന് 14.5 രൂപ

മുമ്പ് യൂണിറ്റിന് 10 രൂപ നിരക്കിൽ 210 മെഗാവാട്ട് വൈദ്യുതി മുഴുവൻ സമയവും നൽകാമെന്ന് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പകൽ സമയത്ത് വൈദ്യുതി ലഭ്യത കൂടുതലായതിനാൽ കെഎസ്ഇബി ആ നിർദേശം സ്വീകരിച്ചില്ല. പകരം പീക്ക് സമയത്ത് മാത്രം 600 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 14.5 രൂപ നിരക്കിൽ വാങ്ങാനാണ് ഇപ്പോഴത്തെ ധാരണ.

നിരക്ക് ഉയർന്നതാണെങ്കിലും മുഴുവൻ സമയത്തേക്കും 210 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനെക്കാൾ സാമ്പത്തികമായി പ്രായോഗികമാണ് ഈ കരാറെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പീക്ക് സമയത്ത് പവർ എക്‌സ്‌ചേഞ്ചിൽ വൈദ്യുതി ലഭ്യത കുറയുന്നതാണ് പ്രധാന വെല്ലുവിളി.

ഹിമാചലിൽ നിന്നുള്ള വൈദ്യുതി കൂടി ലഭിക്കുന്നതോടെ പീക്ക് സമയത്തെ സംസ്ഥാനത്തിന്റെ ലഭ്യമായ വൈദ്യുതി 4,795 മെഗാവാട്ടായി ഉയരും. കേരളത്തിലെ ശരാശരി വൈദ്യുതി ഉപയോഗം 4,500 മുതൽ 5,000 മെഗാവാട്ട് വരെയാണ്. ശേഷിക്കുന്ന കുറവ് തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് വാങ്ങി പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ബാറ്ററി സംഭരണ പദ്ധതികളും വരുന്നു

പീക്ക് സമയത്തെ സമ്മർദം കുറയ്ക്കാൻ അഞ്ച് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതികളും കെഎസ്ഇബി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. 15 മെഗാവാട്ട് ശേഷിയുള്ള മുള്ളേരിയ പദ്ധതി ഒക്ടോബർ 14ന് കമ്മീഷൻ ചെയ്യാനാണ് തീരുമാനം. മൈലാട്ടി 125 മെഗാവാട്ട്, ശ്രീകണ്ഠാപുരം 40 മെഗാവാട്ട്, അരീക്കോട് 30 മെഗാവാട്ട്, പോത്തൻകോട് 40 മെഗാവാട്ട് പദ്ധതികൾ ഈ വർഷം അവസാനത്തോടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.