മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യം എളുപ്പമാകില്ല; കർശന നടപടിക്ക് കേരളം

2026 സെപ്റ്റംബർ 30 • 11:22 AM
അകം ന്യൂസ് ഡെസ്ക്
മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യം എളുപ്പമാകില്ല; കർശന നടപടിക്ക് കേരളം

തിരുവനന്തപുരം: മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. ഡ്രങ്ക് ആൻഡ് ഡ്രൈവ് കേസുകളിൽ ജാമ്യവ്യവസ്ഥ കർശനമാക്കുന്നതിനും കുറ്റകൃത്യത്തിൽ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതിനുമുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. ആഭ്യന്തരവകുപ്പുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

നിലവിൽ മദ്യപിച്ച് വാഹനമോടിക്കുന്നതും ആവർത്തിച്ചുള്ള ഇത്തരം കുറ്റങ്ങളും പൊതുവെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. എന്നാൽ അപകടത്തിൽ മരണമോ ഗുരുതര പരിക്കുകളോ സംഭവിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്തുമ്പോഴാണ് ജാമ്യം ലഭിക്കുന്നത് ബുദ്ധിമുട്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ഡ്രങ്ക് ആൻഡ് ഡ്രൈവ് കേസുകളിൽ തന്നെ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള സർക്കാർ നീക്കം.

'കേരള റോഡ് സുരക്ഷാ മിഷൻ' ഉടൻ

റോഡിലെ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും അപകടങ്ങൾ നിയന്ത്രിക്കുന്നതിനുമായി 'കേരള റോഡ് സുരക്ഷാ മിഷൻ' ആരംഭിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഉന്നതതല സമിതി ഇതിനായി രൂപീകരിക്കും. ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, സാമൂഹികനീതി തുടങ്ങിയ വകുപ്പുകൾ പദ്ധതിയുടെ ഭാഗമാകും.

പദ്ധതിയുടെ പ്രവർത്തനം പിന്നീട് പഞ്ചായത്തുതലം വരെയും വ്യാപിപ്പിക്കാനാണ് തീരുമാനം. റോഡ് സുരക്ഷാ ബോധവൽക്കരണത്തിനൊപ്പം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയും ഉറപ്പാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്നതാണ് ആദ്യഘട്ട ലക്ഷ്യമെന്നും ദീർഘകാലാടിസ്ഥാനത്തിൽ അപകടമരണങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നിരവധി മദ്യപിച്ച് വാഹനമോടിക്കൽ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടികൾ ശക്തമാക്കുന്നത്.