തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാരിൽ 12 ശതമാനത്തിലധികം പേർ മാനസികാരോഗ്യ സഹായം തേടുന്നതായി കണക്കുകൾ. കേരളത്തിലെ വിവിധ ജയിലുകളിലായി നിലവിലുള്ള 9,805 തടവുകാരിൽ 1,201 പേരാണ് മാനസികാരോഗ്യ പിന്തുണ തേടിയിട്ടുള്ളത്. ഇത് ആകെ തടവുകാരുടെ 12.24 ശതമാനമാണ്.
മാനസികാരോഗ്യ സഹായം തേടിയവരിൽ 1,160 പേർ പുരുഷന്മാരാണ്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളുടെ തുടർചികിത്സയ്ക്കും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുമായി ഇവരിൽ പലരും മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഗുരുതരമായ മാനസിക പ്രശ്നങ്ങളെത്തുടർന്ന് സ്വയം അപകടപ്പെടുത്തുകയോ മറ്റുള്ളവർക്ക് ഭീഷണിയാകുകയോ ചെയ്യുന്ന തരത്തിലുള്ള കേസുകളില്ലെന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്.
ലഹരി ഉപയോഗം പ്രധാന കാരണം
തടവുകാരിൽ മാനസികാരോഗ്യ സഹായം തേടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ലഹരി ഉപയോഗമാണെന്ന് മനോരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജയിലിൽ പ്രവേശിച്ചതിന് ശേഷം മാത്രം മാനസികാരോഗ്യ പ്രശ്നങ്ങൾ രൂപപ്പെടുന്നവരേക്കാൾ, നേരത്തെ തന്നെ വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നവരിൽ ലഹരി ഉപയോഗത്തെ തുടർന്ന് അവ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യങ്ങളാണ് കൂടുതലെന്നും വിദഗ്ധർ പറയുന്നു.
ഓരോ പുതിയ തടവുകാരനും ജയിലിലെത്തിയ ഉടൻ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന മരുന്നുകളടക്കമുള്ള വിവരങ്ങൾ ശേഖരിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നവരെ ആവശ്യമെങ്കിൽ ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ മാറ്റും.
തടവുകാരുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി കേരള ജയിൽ വകുപ്പ് കൗൺസലിങ്, സൈക്കോതെറാപ്പി, ലഹരി വിരുദ്ധ ബോധവത്കരണം, ആർട്ട് തെറാപ്പി, വ്യക്തിത്വ വികസന പരിപാടികൾ തുടങ്ങിയ സംവിധാനങ്ങളും നടപ്പാക്കുന്നുണ്ട്.
ജയിൽ അധികൃതരുടെ അഭിപ്രായത്തിൽ, സമയബന്ധിതമായ ചികിത്സയും പുനരധിവാസ ഇടപെടലുകളും നിരവധി തടവുകാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നുണ്ട്. മാനസികാരോഗ്യത്തെ ശിക്ഷയുടെ ഭാഗമായല്ല, പുനരധിവാസത്തിന്റെ നിർണായക ഘടകമായാണ് സമീപിക്കേണ്ടതെന്നതിലേക്കാണ് പുതിയ കണക്കുകൾ വിരൽചൂണ്ടുന്നത്.
