'കേരള’ ഇനി ‘കേരളം’? പേരുമാറ്റ ബിൽ ലോക്സഭയിൽ

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
'കേരള’ ഇനി ‘കേരളം’? പേരുമാറ്റ ബിൽ  ലോക്സഭയിൽ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ (Kerala) എന്നതിൽ നിന്ന് ‘കേരളം’ (Keralam) എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. ‘ദ കേരള (ഓൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചെക്കും.

പേരുമാറ്റം സംബന്ധിച്ച ബിൽ ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനുള്ള കാര്യപരിപാടി സംബന്ധിച്ച് കാര്യോപദേശക സമിതി ഇന്ന് തീരുമാനമെടുക്കും. ഈ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

ഭരണഘടനയിൽ തിരുത്തൽ വരും

പേരുമാറ്റം നടപ്പായാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ആവശ്യമായ ഭേദഗതി വരുത്തും. ഇതോടെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക രേഖകളിലും ഭരണഘടനാപരമായ രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായിരിക്കും.

മലയാള ഭാഷാപ്രയോഗത്തിന് കൂടുതൽ അനുയോജ്യമായ രീതിയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമവും ‘Keralam’ എന്നാക്കി മാറ്റുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നാണ് ബില്ലിലൂടെ വ്യക്തമാകുന്നത്.

എങ്ങനെയാണ് പേര് മാറ്റുക?

ഭരണഘടനയുടെ ആർട്ടിക്കിൾ 3, 4 എന്നിവ പ്രകാരമാണ് സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ. ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ ശുപാർശ ആവശ്യമാണ്.

അതോടൊപ്പം, ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അഭിപ്രായവും തേടണം. എന്നാൽ നിയമസഭയുടെ അഭിപ്രായം പാർലമെന്റിന് നിർബന്ധമായും അംഗീകരിക്കണമെന്നില്ല. ഇത് പ്രധാനമായും കൺസൾട്ടേറ്റീവ് നടപടിക്രമം മാത്രമാണ്.

പ്രത്യേക ഭൂരിപക്ഷം ആവശ്യമില്ല

കേരളത്തിന്റെ പേര് മാറ്റുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 368 പ്രകാരമുള്ള പ്രത്യേക ഭരണഘടനാ ഭേദഗതി ആവശ്യമില്ല. ആർട്ടിക്കിൾ 4 പ്രകാരം, ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ സാധാരണ ഭൂരിപക്ഷത്തോടെ പാസാക്കാനാകും.

സംസ്ഥാന നിയമസഭയുടെ അഭിപ്രായം മറികടന്നും പാർലമെന്റിന് സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബാബുലാൽ പരാതെ വി. ബോംബെ സംസ്ഥാനം കേസിലെ വിധിയാണ് ഇതിന് പ്രധാന നിയമപരമായ അടിസ്ഥാനം.

രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം ‘കേരളം’

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്താൽ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് ഭരണഘടനയുടെ ഒന്നാം പട്ടികയിലും, രാജ്യസഭയിലെ സീറ്റ് വിഭജനം ഉൾപ്പെടുന്ന നാലാം പട്ടികയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.

നിലവിൽ മലയാളികളുടെ ഭാഷാപ്രയോഗത്തിൽ സ്വാഭാവികമായി ഉപയോഗിക്കുന്ന ‘കേരളം’ എന്ന പേര് ഔദ്യോഗിക ഭരണഘടനാ രേഖകളിലും രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലും ഇടംപിടിക്കുന്നതിലേക്കാണ് പുതിയ നീക്കം.