ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം. അണക്കെട്ടിന്റെ ബലക്ഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സുപ്രീം കോടതി നിർദേശപ്രകാരം അണക്കെട്ടിൽ നടന്ന ആദ്യഘട്ട പരിശോധനയ്ക്ക് പിന്നാലെയാണ് കേരളം നിലപാട് വ്യക്തമാക്കുന്നത്.
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ (NHPC) മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് ചൊവ്വാഴ്ച മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
പ്രധാന അണക്കെട്ടിൽ നേരത്തെ നടത്തിയ അറ്റകുറ്റപ്പണികളുടെ സ്ഥിതി, ഗാലറിയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനം, സീവേജ് വെള്ളത്തിന്റെ അളവ്, സ്പിൽവേ ഷട്ടറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത എന്നിവ സംഘം പരിശോധിച്ചു. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പസാധ്യത, ഭൂകമ്പം രേഖപ്പെടുത്തുന്ന സംവിധാനങ്ങളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ അണക്കെട്ടിന്റെ യഥാർഥ ബലക്ഷയം ശാസ്ത്രീയമായി വിലയിരുത്തുന്നതിന് കൂടുതൽ ആധുനിക പരിശോധനകൾ ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. ഇന്ന് കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം കേരളം ഉന്നയിക്കും.
കൂടുതൽ പരിശോധന ആവശ്യമാണോ എന്നത് ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സമിതി അധ്യക്ഷൻ ബൽരാജ് ജോഷി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്നാണ് സമിതിയുടെ അറിയിപ്പ്.
മുല്ലപ്പെരിയാറിൽ സമ്പൂർണ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യത്തിൽ കേരളം ഉറച്ചുനിൽക്കുകയാണ്. നിലവിലെ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് വേണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാല നിലപാടും തുടരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ ആവശ്യം ശക്തമായി ഉന്നയിക്കാൻ മുതിർന്ന അഭിഭാഷകരുടെ സംഘത്തെയും കേരളം നിയോഗിച്ചിട്ടുണ്ട്.
2022ൽ കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസുമായി ബന്ധപ്പെട്ടാണ് മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിദഗ്ധ സമിതി പരിശോധന.
റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്ന കേരളത്തിന്റെ നിലപാട് മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.
.jpeg&w=3840&q=75)