ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ പ്രായപൂർത്തിയാകാത്ത കൊച്ചുമകളെയും മൂന്ന് വിദ്യാർഥികളെയും ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഫോൺ വാങ്ങുന്നതിനും ബൈക്ക് സ്വന്തമാക്കുന്നതിനുമായി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും ആശുപത്രിയിലായിരുന്നു. ഇതിനിടെ കൊച്ചുമകളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെനിന്ന് വീട്ടിലെത്തിയ കുട്ടിയാണ് ശിവൻകുട്ടി മരിച്ചുകിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിൽ പൊലീസിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. കൊലപാതകം നടക്കുമ്പോൾ കൊച്ചുമകൾ വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കണ്ടിരുന്നതായി പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, മൂന്ന് വിദ്യാർഥികൾ രാത്രി വീടിന്റെ ശൗചാലയത്തിലെ വെന്റിലേറ്റർ വഴിയാണ് അകത്തുകയറിയത്. ശിവൻകുട്ടിയെ ബന്ധിച്ചശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് ഏകദേശം ആറ് പവൻ സ്വർണാഭരണങ്ങളും പണവും കവർന്നതായും റിപ്പോർട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും നടന്നതായി പൊലീസ് പറയുന്നു. കൊച്ചുമകൾക്ക് ഐഫോൺ വാങ്ങുന്നതിനും കൂട്ടുപ്രതികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് മോഷ്ടിച്ച സ്വർണവും പണവും ഉപയോഗിക്കാൻ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പ്രതികൾ തമ്മിൽ നേരത്തെ പരിചയമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ പ്രായപൂർത്തിയായ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ ഹരിപ്പാട് പൊലീസ് അന്വേഷിച്ചുവരികയാണ്. ശിവൻകുട്ടിയോട് കൊച്ചുമകൾക്ക് മുൻവൈരാഗ്യമുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരാനിരിക്കുകയാണ്.
വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്നത് Ai നിർമ്മിത പ്രതീകാത്മക ചിത്രമാണ്
