കരിക്ക് ടീമിന്റെ ആദ്യ സിനിമ; ‘ഗുഡ് ലക്ക് ചിക്കോ’ ടൈറ്റിൽ പുറത്ത്

2026 ഓഗസ്റ്റ് 28 • 08:10 AM
അകം ന്യൂസ് ഡെസ്ക്

കൊച്ചി: മലയാളത്തിലെ ജനപ്രിയ ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്‌ഫോമായ ‘കരിക്ക്’ ടീമിന്റെ ആദ്യ സിനിമയുടെ ടൈറ്റിൽ പുറത്തുവന്നു. ‘ഗുഡ് ലക്ക് ചിക്കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തിരുവോണം പ്രമാണിച്ചാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. കരിക്ക് സ്റ്റുഡിയോസിനൊപ്പം ചേർന്ന് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവാണ് ചിത്രം നിർമ്മിക്കുന്നത്. നിഖിൽ ജി. പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ ഡോക്ടർ അനന്തുവിനൊപ്പം നിഖിൽ ജി. പ്രസാദും പങ്കാളിയാണ്. ഡോക്ടർ അനന്തു നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘ഗുഡ് ലക്ക് ചിക്കോ’യ്ക്കുണ്ട്. കരിക്ക് ടീം ബിഗ് സ്ക്രീനിലേക്ക് എത്തുമെന്ന പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേമികളും കരിക്ക് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടാണ് ഇത്. കരിക്ക് വെബ് സീരീസുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ അഭിനേതാക്കൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആനന്ദ് മാത്യൂസ്, അനു കെ. അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് തുടങ്ങിയ കരിക്ക് താരങ്ങൾ പ്രേക്ഷകർക്കിടയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയവരാണ്. 2018ൽ നിഖിൽ ജി. പ്രസാദ് സ്ഥാപിച്ച ‘കരിക്ക്’ യൂട്യൂബ് ചാനൽ ഇന്ന് ഏകദേശം ഒരു കോടി സബ്സ്ക്രൈബർമാരുള്ള ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്‌ഫോമായി വളർന്നിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള വിവിധ വെബ് സീരീസുകളിലൂടെയും വീഡിയോകളിലൂടെയും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ കരിക്ക് ടീം ആദ്യമായി സിനിമയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. കരിക്ക് ടീമിന്റെ ജനപ്രിയതയ്ക്കൊപ്പം യുവ സംരംഭകനായ ഡോക്ടർ അനന്തുവിന്റെ പ്രൊഡക്ഷൻ ബാനറും ചേരുന്നതോടെ ‘ഗുഡ് ലക്ക് ചിക്കോ’ മലയാള സിനിമയിൽ ശ്രദ്ധേയമായൊരു അരങ്ങേറ്റമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അണിയറപ്രവർത്തകർ: ഛായാഗ്രഹണം – അഖിൽ സേവ്യർ ഗാനങ്ങൾ, പശ്ചാത്തല സംഗീതം – യാക്‌സൻ ഗാരി പെരേര, നേഹ നായർ സൗണ്ട് ഡിസൈൻ – നിക്‌സൺ ജോർജ് പ്രൊഡക്ഷൻ ഡിസൈൻ – അനീറ്റ അബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിദ്ധാർഥ് കെ. ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമൽ സേവ്യർ മനക്കത്തറയിൽ കോസ്റ്റ്യൂം ഡിസൈൻ – ഗായത്രി കിഷോർ ആക്ഷൻ – സ്റ്റീവൻ കുമാർ, ഫെലിക്സ് ഫുകുയോഷി മേക്കപ്പ് – അർഷാദ് വർക്കല അഡീഷണൽ സ്റ്റണ്ട് – റോബിൻ ടോം വിഎഫ്എക്സ് – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോ പ്രൊഡക്ഷൻ കൺട്രോളർ – ജീബു ഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നിഖിൽ ജോർജ് പോസ്റ്റർ ഡിസൈൻ – ബിനോയ് ജോൺ പിആർഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ