ജിജോ ജോണിനെതിരായ സൈബർ ആക്രമണം; കർശന നടപടിയെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും

2026 സെപ്റ്റംബർ 11 • 03:38 PM
അകം ന്യൂസ് ഡെസ്ക്
ജിജോ ജോണിനെതിരായ സൈബർ ആക്രമണം; കർശന നടപടിയെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും

തിരുവനന്തപുരം:അന്തരിച്ച മലയാള മനോരമ മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബാംഗങ്ങൾക്കും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും. മരണാനന്തരം ഒരു മാധ്യമപ്രവർത്തകനെ അദ്ദേഹം ചെയ്ത വാർത്തകളുടെ പേരിൽ വേട്ടയാടുന്നതും കുടുംബാംഗങ്ങൾക്കെതിരെ അധിക്ഷേപങ്ങളും അസത്യപ്രചാരണങ്ങളും നടത്തുന്നതും മനുഷ്യത്വരഹിതമാണെന്ന് ഇരുവരും പ്രതികരിച്ചു.

ജിജോ ജോൺ പുത്തേഴത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് അതീവ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖമുള്ളതും ഇല്ലാത്തതുമായ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെക്കുറിച്ചും എന്ത് മാനുഷിക മൂല്യങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുൻകാലങ്ങളിൽ ജിജോ നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഇപ്പോഴത്തെ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു മാധ്യമപ്രവർത്തകന്റെ കർത്തവ്യനിർവഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജിജോയ്ക്കും കുടുംബത്തിനുമെതിരെ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി വ്യക്തമാക്കി. ഒരു മാധ്യമപ്രവർത്തകൻ മരിച്ചതിന് ശേഷവും അദ്ദേഹം ചെയ്ത വാർത്തകളുടെ പേരിൽ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്നും ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണിതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ ഐജി സൈബർ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള വ്യക്തിഹത്യകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മാധ്യമപ്രവർത്തകന്റെ വാർത്തകളോടുള്ള രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അദ്ദേഹത്തിന്റെ മരണശേഷവും കുടുംബത്തെ ലക്ഷ്യമിട്ട് വിദ്വേഷപ്രചാരണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പ് മന്ത്രിയുടെയും പ്രതികരണങ്ങളിലൂടെ ഉയരുന്നത്.