മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു

2026 ഒക്‌ടോബർ 2 • 03:32 PM
അകം ന്യൂസ് ഡെസ്ക്
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു

നവാഗതനായ ജയ്മോഹൻ ഒരുക്കുന്ന ‘റൂം നമ്പർ 9’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: സിനിമയിലെ ശ്രദ്ധേയമായ ജോഡികളിലൊന്നായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘റൂം നമ്പർ 9’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എൺപതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കൂട്ടുകെട്ടാണ് ജഗദീഷ്–ഉർവശി. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും കൗതുകമുണർത്തുന്ന സൂചനകളാണുള്ളത്. രണ്ട് വ്യത്യസ്ത ചവിട്ടുപടികളിലാണ് ജഗദീഷിന്റെയും ഉർവശിയുടെയും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉർവശിയുടെ കഥാപാത്രം ചവിട്ടുപടികൾ ഇറങ്ങിവരുമ്പോൾ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം മറുവശത്ത് മുകളിലേക്ക് കയറുകയാണ്. ഇരുവരുടെയും മുഖഭാവങ്ങളിലും ദുരൂഹത പ്രകടമാണ്. വ്യത്യസ്തമായ വെളിച്ചവിന്യാസവും പോസ്റ്ററിന് പ്രത്യേക ഭാവം നൽകുന്നു.

നദികളിൽ സുന്ദരിയമുന എന്ന ചിത്രത്തിന് ശേഷം സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാർ സ്വതന്ത്രമായി നിർമ്മിക്കുന്ന ചിത്രമാണിത് . ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുമ്പോൾ രഞ്ജൻ എബ്രഹാം ചിത്രസംയോജനം കൈകാര്യം ചെയ്യുന്നു. സംഗീതം കൈലാസ് മേനോനും ശങ്കർ ശർമ്മയും ചേർന്നാണ് ഒരുക്കുന്നത്. ഗാനരചന ബി. കെ. ഹരിനാരായണന്റേതാണ്.

ചിത്രത്തിന്റെ കഥയെയും വിഭാഗത്തെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദുരൂഹത ‘റൂം നമ്പർ 9’ എന്താണ് പറയാനൊരുങ്ങുന്നതെന്ന ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്.