ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടും വിഡിയോകളും പ്ലേ ചെയ്ത് സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സമാധാനവും സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.
മൊബൈൽ ഫോണുകൾ സ്പീക്കർ മോഡിലിട്ട് പാട്ടുകളും വിഡിയോകളും കേൾക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും മറ്റുള്ളവരുടെ യാത്രാനുഭവത്തെ ബാധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് എസി കോച്ചുകൾ പോലുള്ള അടച്ച ഇടങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണങ്ങളും ഉയർന്ന ശബ്ദത്തിലുള്ള റിങ്ടോണുകളും യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ഇയർഫോണുകൾ ഉപയോഗിക്കണം
യാത്രയ്ക്കിടെ സംഗീതം കേൾക്കാനും വിഡിയോകൾ കാണാനും ആഗ്രഹിക്കുന്നവർ ഇയർഫോണുകളോ ഹെഡ്ഫോണുകളോ ഉപയോഗിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. ഫോൺ സംഭാഷണങ്ങൾ കുറഞ്ഞ ശബ്ദത്തിൽ നടത്തുകയും മറ്റുള്ളവരുടെ വിശ്രമത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുകയും വേണം.
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊതുജന അറിയിപ്പുകളിലൂടെ യാത്രക്കാരെ ബോധവൽക്കരിക്കാനും ദക്ഷിണ റെയിൽവേ നിർദേശിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകും.
1,000 രൂപ വരെ പിഴ; ടിക്കറ്റും റദ്ദാക്കാം
1989-ലെ റെയിൽവേ നിയമത്തിലെ 145(2) വകുപ്പിൽ ജൻ വിശ്വാസ് (ഭേദഗതി) നിയമം, 2026 പ്രകാരം വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന പെരുമാറ്റത്തിന് 1,000 രൂപ വരെ പിഴ ചുമത്താം. റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കുക, യാത്രാ ടിക്കറ്റ് അല്ലെങ്കിൽ പാസ് കണ്ടുകെട്ടുക തുടങ്ങിയ നടപടികളും നേരിടേണ്ടിവരുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റെയിൽവേ ഉദ്യോഗസ്ഥൻ ശല്യമുണ്ടാക്കുന്ന പ്രവൃത്തി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ അത് തുടരുകയാണെങ്കിൽ, ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
പരാതി അറിയിക്കാം
ട്രെയിനിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർക്ക് റെയിൽവേ ജീവനക്കാരെയോ ട്രെയിൻ ടിക്കറ്റ് പരിശോധകനെയോ (ടി.ടി.ഇ.) വിവരം അറിയിക്കാം. റെയിൽവേയുടെ 139 ഹെൽപ്ലൈൻ വഴിയും പരാതികൾ അറിയിക്കാവുന്നതാണ്.
പൊതുഗതാഗത സംവിധാനത്തിൽ എല്ലാവർക്കും ഒരുപോലെ സമാധാനത്തോടെ യാത്ര ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവരുടെ യാത്രാസ്വാതന്ത്ര്യത്തിനും സൗകര്യത്തിനും തടസ്സമാകരുതെന്ന സന്ദേശമാണ് റെയിൽവേ മുന്നോട്ടുവയ്ക്കുന്നത്.
