ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമ കമ്പനിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. മൈസൂരിലെ പുരാതനമായ അലോക പാലസിൽ നടന്ന ചടങ്ങിൽ നിർമാതാവ് ടിപ്പു ഷാൻ ആദ്യദീപം തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. സംവിധായകൻ ജിതേഷ് എസ്. റാമിന്റെ മാതാവ് ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമം നിർവഹിച്ചു. നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പ് നൽകി. ഷറഫുദ്ദീനും അലൻ ബിൻ സിറാജുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ‘കോളേജ് മുക്ക്’ എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ജിതേഷ് എസ്. റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാമിലി കോമഡി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്. പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പ്രമേയവും മറ്റ് വിശദാംശങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വൈശാഖ് സി. വടക്കേവീടാണ് പ്രോജക്ട് ഡിസൈനർ. പ്രണവ് പറശ്ശിനി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഷിബു സി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെയും താരനിരയുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള സിനിമകളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. മൂന്നാം ചിത്രത്തിലൂടെ പുതിയ സംവിധായകനെയും വ്യത്യസ്തമായൊരു ഫാമിലി എന്റർടെയ്‌നറിനെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് നിർമാണക്കമ്പനി.
സിനിമ
മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ
