ഇന്ത്യ–ബ്രസീൽ പോരാട്ടത്തിന് കൊൽക്കത്ത ഒരുങ്ങുന്നു

2026 സെപ്റ്റംബർ 10 • 10:52 AM
അകം ന്യൂസ് ഡെസ്ക്
ഇന്ത്യ–ബ്രസീൽ പോരാട്ടത്തിന് കൊൽക്കത്ത ഒരുങ്ങുന്നു
ചിത്രത്തിന് കടപ്പാട് : ബ്രസീൽഫുഡ് ബോൾ ഒഫീഷ്യൽFb പേജ്

കൊൽക്കത്ത : ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ചരിത്ര നിമിഷത്തിന് ഇനി ദിവസങ്ങൾ മാത്രം. അഞ്ചുതവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യൻ മണ്ണിൽ കളിക്കാനെത്തുന്നു. ഒക്ടോബർ 3ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരംഗൻ അഥവാ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും ബ്രസീലും അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും.

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരിക്കും ഈ പോരാട്ടം. ബ്രസീലിന്റെ സീനിയർ പുരുഷ ദേശീയ ടീം ഇന്ത്യയിൽ കളിക്കുന്ന ആദ്യ മത്സരമാണിത്. ഇരു രാജ്യങ്ങളും സീനിയർ പുരുഷ ഫുട്ബോളിൽ ഇതുവരെ പരസ്പരം ഏറ്റുമുട്ടിയിട്ടില്ലെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

നിലവിലെ ഫിഫ റാങ്കിങ്ങിൽ ലോകത്തിലെ മുൻനിര ടീമുകളിലൊന്നായ ബ്രസീലിനെതിരെ ഇന്ത്യ കളിക്കുന്നത് ബ്ലൂ ടൈഗേഴ്സിന് വലിയ വെല്ലുവിളിയാണ്. ഫിഫ റാങ്കിങ് സംവിധാനം നിലവിൽ വന്ന 1992ന് ശേഷം ഇന്ത്യ ഏറ്റുമുട്ടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള എതിരാളിയാണ് ബ്രസീലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച ടീമിൽ ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, ബാഴ്സലോണയുടെ റാഫീന്യ, പാരിസ് സെന്റ് ജെർമെയ്ൻ താരം മാർക്വിഞ്ഞോസ്, യുവതാരം എൻഡ്രിക്ക് തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ടെന്നാണ് പുറത്തുവന്ന വിവരം. ഇതോടെ ഇന്ത്യൻ ആരാധകർക്ക് ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളെ നേരിട്ട് കാണാനുള്ള അപൂർവ അവസരമാണ് ഒരുങ്ങുന്നത്.

മത്സരത്തിനായി കൊൽക്കത്തയും സോൾട്ട് ലേക്ക് സ്റ്റേഡിയവും ഇതിനോടകം ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രതിനിധികൾ നേരത്തെ സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. കളിക്കളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ബ്രസീൽ പ്രത്യേക വിദഗ്ധരെയും നിയോഗിച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയ്ക്ക് ഇത് ഒറ്റ മത്സരത്തിന്റെ ആവേശം മാത്രമല്ല, ലോക ഫുട്ബോളിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നിനെതിരെ സ്വന്തം നാട്ടിൽ കഴിവ് തെളിയിക്കാനുള്ള വലിയ അവസരം കൂടിയാണ്. ബ്രസീൽ മത്സരത്തിന് പിന്നാലെ ഒക്ടോബർ 6ന് ഉറുഗ്വേയ്ക്കെതിരെയും ഇന്ത്യ കൊൽക്കത്തയിൽ കളിക്കും. ഇതിന് മുമ്പ് പനാമയ്ക്കെതിരായ സൗഹൃദ മത്സരവും ഇന്ത്യൻ ടീമിന്റെ അന്താരാഷ്ട്ര മത്സരപരമ്പരയുടെ ഭാഗമാണ്.

ബ്രസീലിന്റെ മഞ്ഞ ജേഴ്സിയോട് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലും പശ്ചിമ ബംഗാളിലും, തലമുറകളായി നിലനിൽക്കുന്ന ആരാധകബന്ധം ഈ മത്സരത്തിന്റെ ആവേശം കൂടുതൽ വർധിപ്പിക്കുന്നു. ഫുട്ബോൾ ആരാധകർക്ക് മാത്രമല്ല, ഇന്ത്യൻ കായികരംഗത്തിനാകെ ചരിത്രത്തിലേക്ക് രേഖപ്പെടുത്തപ്പെടാവുന്ന ഒരു രാത്രി തന്നെയാകും ഒക്ടോബർ 3ന് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഒരുങ്ങുക.