തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ കേരളത്തിന് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കേരളത്തിന് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായത്.
തുടർനടപടികളുടെ ഭാഗമായി കേരള-ഹിമാചൽ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തി. വൈദ്യുതിയുടെ ലഭ്യത, കൈമാറ്റ രീതി, സമയക്രമം തുടങ്ങിയ വിശദാംശങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിന്റെ ഭാഗമായി വിശദാംശങ്ങൾ തേടി ഹിമാചൽ പ്രദേശ് അഡിഷനൽ ചീഫ് സെക്രട്ടറി ആർ.ഡി. നസീം കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യത്തിന് ഇ-മെയിൽ അയച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശ് നിലവിൽ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വൈദ്യുതി നൽകുന്നുണ്ട്. കേരളത്തിന് 250 മെഗാവാട്ട് ലഭ്യമാക്കുന്നതിനായി തമിഴ്നാടിനുള്ള വിഹിതത്തിൽനിന്ന് ഒരു ഭാഗം കുറയ്ക്കുന്നതിനാണ് ധാരണയായതെന്നാണ് റിപ്പോർട്ട്. ഹിമാചൽ സർക്കാർ ആദ്യം ഇക്കാര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉന്നയിച്ചിരുന്നെങ്കിലും കേരളത്തിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് രണ്ടാഴ്ചത്തേക്കെങ്കിലും സഹായിക്കണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.
അതേസമയം, കേരളത്തിലെ വൈദ്യുതി ക്ഷാമം ഇപ്പോഴും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കെഎസ്ഇബിയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏകദേശം 700 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുന്നുണ്ട്. കേന്ദ്ര വിഹിതവും മറ്റ് സ്രോതസ്സുകളും വഴി ഏകദേശം 240 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും രാത്രികാല വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണ്.
ദേശീയ വൈദ്യുതി ഗ്രിഡിലും ലഭ്യത കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ താപനില കുറയുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയും ഗ്രിഡിലെ ലഭ്യത മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഇതിനിടെ കുറഞ്ഞ ചെലവിൽ കൂടുതൽ വൈദ്യുതി കണ്ടെത്താനുള്ള ശ്രമങ്ങളും ബോർഡ് തുടരുകയാണ്.
ഹിമാചലിൽനിന്നുള്ള 250 മെഗാവാട്ട് ലഭ്യമാകുന്നത് നിലവിലെ പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമത്തിന് സ്ഥിരപരിഹാരമാകില്ല. വരും ദിവസങ്ങളിൽ വൈദ്യുതി ലഭ്യതയും കൈമാറ്റ ക്രമീകരണങ്ങളും അനുസരിച്ചായിരിക്കും ഇതിന്റെ യഥാർഥ പ്രയോജനം വ്യക്തമാകുക.
